പ്രവാചകത്വത്തിന്റെ പത്താം വർഷം പ്രവാചകനെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അപ്പുറം ദുഃഖവും പ്രയാസവും അനുഭവിക്കേണ്ടതായി വന്ന വർഷമായിരുന്നു. അതുകൊണ്ട് തന്നെ ചരിത്രകാരന്മാർ ദുഃഖ വർഷം എന്നാണ് പ്രസ്‌തുത വർഷത്തിന് പേരു നൽകിയിട്ടുള്ളത്.
വിശ്വാസിയായില്ലെങ്കിലും മരണം വരെ തന്നെ സംരക്ഷിക്കുന്നതിലും, സഹായിക്കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്ന അബൂത്വാലിബിന്റെയും, അവിടുത്തെ പ്രിയ പത്നി ഖദീജ(റ) യുടേയും വിയോഗമായിരുന്നു അതിനുള്ള കാരണം.
അബൂത്വാലിബിന്റെ വേർപാട്
പ്രവാചകനും അനുയായികളും ശിഅ്ബ് അബൂത്വാലിബിലെ ഉപരോധം കഴിഞ്ഞ് പുറത്ത് വന്ന് അധികം കഴിഞ്ഞില്ല; അപ്പോഴേക്കും പ്രവാചകന് താങ്ങും തണലുമായി വർത്തിച്ചിരുന്ന അബൂത്വാലിബ് മരണപ്പെട്ടു.
അദ്ദേഹത്തിന്റെ മരണം ആസന്നമായ അവസരത്തിൽ പ്രവാചകൻﷺ അവിടെ കടന്നു ചെല്ലുകയും സങ്കടത്തോടുകൂടി അദ്ദേഹത്തോട്: “മൂത്താപ്പാ, നിങ്ങളൊന്ന് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക. എങ്കിൽ അത് വെച്ച് എനിക്ക് അല്ലാഹുവിങ്കൽ ഒന്ന് വാദിച്ചു നോക്കാം”. എന്ന് ആവശ്യപ്പെട്ടു. അന്നേരം അവിടെ സന്നിഹിതരായിരുന്ന അബൂജഹൽ, അബ്‌ദുല്ലാഹിബ്‌നു അബീഉമയ്യ എന്നിവർ പറഞ്ഞു: “അബൂത്വാലിബ്, നിങ്ങൾ അബ്‌ദുൽ മുത്തലിബിന്റെ മതം കയ്യൊഴിക്കുകയാണോ!?”
അന്നേരം അബൂത്വാലിബ് പ്രവാചകനോടായി പറഞ്ഞത് ഇങ്ങിനെയാണ്: “മോനേ, നിന്റെ മതമാണ് ഏറ്റവും നല്ല മതം എന്ന് എനിക്കറിയാം. പക്ഷേ ഈ ജനതയുടെ ആക്ഷേപം ഇല്ലായിരുന്നുവെങ്കിൽ നിന്നിൽ വിശ്വസിക്കുന്ന ഒന്നാമത്തെ വ്യക്തി ഞാനാകുമായിരുന്നു”. ഇത് പറഞ്ഞുകൊണ്ട് “അബ്‌ദുൽ മുത്തലിബിന്റെ മതത്തിലായിക്കൊണ്ട്” എന്ന് പറഞ്ഞ് അബൂത്വാലിബ് കണ്ണടക്കുകയാണുണ്ടായത്. ഇത് പ്രവാചകനിൽ അങ്ങേയറ്റം പ്രയാസമുണ്ടാക്കി.
ദുഃഖ ഭാരത്താൽ, “എന്നോട് വിരോധിക്കാത്തതു വരെ ഞാൻ അങ്ങേക്ക് വേണ്ടി പാപമോചനത്തിനായി പ്രാർത്ഥിക്കും”. എന്ന് പ്രവാചകൻ പറഞ്ഞു. പക്ഷേ അല്ലാഹു ഇപ്രകാരം ഖുർആൻ വചനം അവതരിപ്പിച്ച് അത് തിരുത്തുക തന്നെ ചെയ്തു.
مَا كَانَ لِلنَّبِىِّ وَٱلَّذِينَ ءَامَنُوٓا أَن يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوٓا أُوْلِى قُرْبَىٰ مِنۢ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَـٰبُ ٱلْجَحِيمِ ١١٣
“ബഹുദൈവ വിശ്വാസികൾ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങൾക്ക് വ്യക്തമായി കഴിഞ്ഞതിനു ശേഷം അവർക്കു വേണ്ടി പാപമോചനം തേടുവാൻ, അവർ അടുത്ത ബന്ധം ഉള്ളവരായാൽ പോലും പ്രവാചകനും സത്യ വിശ്വാസികൾക്കും പാടുള്ളതല്ല” (ഖുർആൻ 9: 113)
إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ ٥٦
“നിശ്ചയം, നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേർവഴിയിലാക്കാൻ ആവില്ല” (ഖുർആൻ 28: 56)
ഖദീജാ ബീവി(റ)യുടെ വഫാത്ത്
അബൂത്വാലിബിന്റെ മരണത്തിന് ശേഷം രണ്ടോ മൂന്നോ മാസം പിന്നിടുമ്പോഴേക്ക്, നബിﷺ യെ സാമ്പത്തികമായും ശാരീരികമായും മാനസികമായും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന അവിടുത്തെ പ്രിയപത്നി ഖദീജ(റ)യും വേർപിരിഞ്ഞു. നുബുവ്വത്തിന്റെ പത്താം വർഷം റമദാൻ മാസത്തിലായിരുന്നു അത്. അന്ന് അവർക്ക് 65 വയസ്സും നബിﷺ ക്ക് 50 വയസ്സുമായിരുന്നു പ്രായം.
ഇരുപത്തഞ്ച് വർഷത്തെ ആ ദാമ്പത്യജീവിതം പ്രവാചകൻﷺ തന്റെ ജീവിതത്തിൽ എന്നുമെന്നും ഓർക്കാറുണ്ടായിരുന്നു. ഇമാം അഹ്‌മദ് റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ നബിﷺ ഖദീജ(റ)യെ അനുസ്‌മരിച്ച് പറഞ്ഞത് നമുക്ക് ഇങ്ങനെ കാണാം: “എല്ലാവരും എന്നിൽ അവിശ്വസിച്ചപ്പോൾ ഖദീജ എന്നിൽ വിശ്വസിച്ചു, എല്ലാവരും എന്നെ കളവാക്കിയപ്പോൾ അവർ എന്നെ സത്യപ്പെടുത്തി. ജനങ്ങൾ എന്നെ തടഞ്ഞപ്പോൾ അവർ അവരുടെ സമ്പത്തുകൊണ്ട് എന്നെ സഹായിച്ചു, അവരിലാണ് അല്ലാഹു എനിക്ക് സന്താനങ്ങളെ നൽകിയതും”.
മറ്റൊരു ഹദീസ് കൂടി കാണുക: “ഒരിക്കൽ ജിബ്രീൽ (അ) നബിﷺയുടെ അടുക്കൽ വന്നു പറഞ്ഞു: ഖദീജ (റ) ഇപ്പോൾ താങ്കളുടെ അടുത്ത് വരും അവർ എത്തിയാൽ അല്ലാഹു അവർക്ക് സലാം പറഞ്ഞയച്ചതായി അറിയിക്കുക. അതുപോലെ അല്ലാഹു അവർക്കായി ഒരു ഭവനം ഒരുക്കി വെച്ചതായും സന്തോഷമറിയിക്കുക” (ബുഖാരി).
പ്രവാചകൻﷺ ത്വാഇഫിലേക്ക്
അബൂത്വാലിബിന്റെയും ഖദീജ(റ) യുടേയും വേർപാട് ഖുറൈശികൾ തികച്ചും മുതലെടുത്തു. അവർ, തങ്ങൾ നടത്തിവന്നിരുന്ന മർദ്ദന മുറകൾക്ക് ശക്തി കൂട്ടി. ഇത് പ്രവാചകനിൽ കൂടുതൽ ദുഃഖവും പ്രയാസവുമുണ്ടാക്കി. സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ പ്രവാചകൻ തന്റെ മാതൃ കുടുംബക്കാരുടെ പ്രദേശമായ ത്വാഇഫിലേക്ക് പുറപ്പെട്ടു.
നുബുവ്വത്തിന്റെ പത്താം വർഷം ശവ്വാൽ മാസം പ്രവാചകൻﷺ തന്റെ അടിമയായിരുന്ന സൈദ്‌ബ്‌നു ഹാരിഥുമൊത്ത് ത്വാഇഫിലേക്ക് പുറപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുന്ന വിധത്തിലായിരുന്നു അനുഭവങ്ങൾ.
പത്ത് ദിവസത്തോളം ത്വാഇഫിൽ കഴിച്ചുകൂട്ടി തന്റെ ദൗത്യം അവരുടെ മുന്നിൽ വിശദീകരിച്ചു. പക്ഷേ ഒരാൾ പോലും അത് സ്വീകരിക്കാൻ തയ്യാറായില്ല എന്ന് മാത്രമല്ല അവർ തങ്ങളുടെ നാട്ടിൽ നിന്നും ഇറങ്ങിപ്പോകുവാൻ ആവശ്യപ്പെടുകയും പ്രവാചകനെ അസഭ്യം പറയുവാനും കല്ലെടുത്തെറിയുവാനും അങ്ങാടിപ്പിള്ളേരെ സജ്ജരാക്കുകയുമാണ് ചെയ്തത്.
അങ്ങനെ പ്രവാചകന്റെ ശരീരത്തിൽ നിന്നും രക്തം പൊട്ടി ഒഴുകുമാറ് പ്രവാചകനും കൂടെയുണ്ടായിരുന്ന സൈദും ഉപദ്രവങ്ങൾ ഏൽപ്പിക്കപ്പെട്ടു. അവസാനം പ്രവാചകൻ ﷺ നിരാശനായി അവിടെ നിന്നും യാത്ര തിരിച്ചു.
മടക്കയാത്രയിൽ, ഒരാൾ പോലും തന്നെ സഹായിക്കുവാനോ തന്നിൽ വിശ്വസിക്കുവാനോ തയ്യാറാകാത്തതിൽ മനംനൊന്ത് അല്ലാഹുവിനോട് പ്രാർത്ഥിച്ച് കൊണ്ടിരുന്നു. ക്ഷീണം അധികമായപ്പോൾ റബീഅ:യുടെ മക്കളായ ഉത്ബത്തിന്റെയും ശൈബത്തിന്റെയും മുന്തിരിത്തോട്ടത്തിൽ അൽപം വിശ്രമിക്കാനായി കടന്നുചെന്നു; അവിടെയുണ്ടായിരുന്ന ഒരു മതിലിൽ ചാരി ഇരുന്നു.
അന്നേരം അല്ലാഹു ജിബ്‌രീൽ എന്ന മലക്കിനോടൊപ്പം പർവ്വതങ്ങളുടെ ചുമതലയുള്ള മലക്കിനെ പറഞ്ഞയച്ച് നബിﷺ യെ ഉപദ്രവിച്ച സമൂഹത്തെ നശിപ്പിക്കാൻ അനുവാദം ചോദിച്ചു. കാരുണ്യത്തിന്റെ പ്രവാചകൻ അതിന് അനുവാദം നൽകിയില്ല; എന്നു മാത്രമല്ല അല്ലാഹുവിനോട് ഇപ്രകാരം പ്രാർത്ഥിക്കുകയാണ് ചെയ്തത്. “അല്ലാഹുവേ ഈ ജനത അവർക്ക് വിവരമില്ലാത്തത് കൊണ്ട് ചെയ്തു പോയതാണ്. അതിനാൽ അവർക്ക് നീ പൊറുത്ത് കൊടുക്കേണമേ. അവർക്ക് ജനിക്കുന്ന പിൻ തലമുറയിൽ നിന്നെങ്കിലും ഒരാൾ നിന്നെ മാത്രം ആരാധിക്കുന്നവനായി ഉണ്ടാകുന്നുവെങ്കിൽ അതാണ് ഞാൻ ആഗ്രഹിക്കുന്നത്”.
അങ്ങനെ പ്രവാചകൻ ഖുറൈശീ പ്രമുഖരിൽ പെട്ട മുത്വ്ഇം ബ്നു അദിയ്യിന്റെ സംരക്ഷണത്തിൽ മക്കയിലേക്ക് തന്നെ തിരിച്ചു വന്നു.