Physical Address
304 North Cardinal St.
Dorchester Center, MA 02124
Physical Address
304 North Cardinal St.
Dorchester Center, MA 02124
അവസാനത്തെ അടവ് എന്ന നിലക്ക് പിന്നീട് ഖുറൈശികൾ കണ്ടെത്തിയ മാർഗ്ഗം നബിﷺക്കും അനുയായികൾക്കും ഊരുവിലക്കും ബഹിഷ്‌കരണവും ഏർപ്പെടുത്തുക എന്നതായിരുന്നു.
മുസ്‌ലിംകളുമായുള്ള വിവാഹം, മറ്റു ഇടപാടുകൾ, പരസ്‌പരമുള്ള സമ്പർക്കങ്ങൾ, കച്ചവടം (വാങ്ങലും വിൽക്കലും), സംസാരം അടക്കം എല്ലാ നിലക്കുമുള്ള സഹായ സഹകരണങ്ങളും സമ്പർക്കവും നിർത്തൽ ചെയ്‌തുകൊണ്ട് ഒരു കരാർ എഴുതിയുണ്ടാക്കി കഅബയിൽ കെട്ടിത്തൂക്കി.
തദടിസ്ഥാനത്തിൽ വിശ്വാസികൾക്ക് അവർ ഭക്ഷണ പാനീയങ്ങൾ പോലും വിലക്കി. കൈവശം ഉണ്ടായിരുന്ന പണം കൊണ്ട് പോലും പ്രയോജനമില്ലാതെയായി. യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളിൽ പുറം നാടുകളിൽ നിന്നും കച്ചവടക്കാർ വരുന്ന അവസരങ്ങളിൽ മാത്രമായിരുന്നു എന്തെങ്കിലും കൊടുക്കൽ വാങ്ങലുകൾ നടത്താൻ കഴിഞ്ഞിരുന്നത്.
അല്ലാത്ത അവസരങ്ങളിൽ തങ്ങൾ കാലിൽ ധരിച്ചിരുന്ന തോലിന്റെ ചെരുപ്പുകൾ വെള്ളത്തിലിട്ട് കുതിർത്തി അത് പോലും കടിച്ച് തിന്നു നോക്കിയിരുന്നു എന്നും പച്ചിലകൾ കടിച്ചു തിന്ന്, ആടുകൾ കാഷ്ടിക്കുന്നത് പോലെയായിരുന്നു ഞങ്ങൾ കാഷ്‌ടിച്ചിരുന്നത് എന്നും സ്വഹാബികളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതിനിടയിൽ ഖദീജ(റ) യുടെ സഹോദരപുത്രൻ ഇടക്ക് തന്റെ അമ്മായി എന്ന ബന്ധം പരിഗണിച്ച് ചോളവും മറ്റും എത്തിച്ചു കൊടുത്തിരുന്നത് ഒഴിച്ച് മറ്റെല്ലാ സമ്പർക്കവും നബിﷺക്കും അനുയായികൾക്കും തടയപ്പെട്ടു. പൂർണ്ണമായും ഉപരോധം തന്നെയായിരുന്നു. ഈ അവസ്ഥയിൽ മൂന്ന് കൊല്ലം കഴിച്ചുകൂട്ടേണ്ടി വന്നു!!
എന്നാൽ ഖുറൈശികൾക്ക് ഇടയിൽ തന്നെ പ്രവാചകനും സ്വഹാബികളും അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങളിൽ അനുകമ്പയുള്ള ചിലയാളുകളും ഉണ്ടായിരുന്നു. അക്കൂട്ടത്തിലൊരാളായ ഹിഷാം ബ്‌നു അംറ്, നബിയുമായി കുടുംബ ബന്ധമുണ്ടായിരുന്ന സുഹൈർ ബ്നു അബീ ഉമയ്യയെ (ഇദ്ദേഹം നബിയുടെ പിതൃ സഹോദരിയായ ആതിഖയുടെ മകനാണ്) ചെന്ന് കണ്ടു.
“നമ്മുടെ കുടുംബക്കാരായ ഒരു കൂട്ടം ആളുകളോട് ഈ രൂപത്തിൽ ക്രൂരമായി പെരുമാറാൻ മാത്രം എന്ത് തെറ്റാണ് അവർ ചെയ്‌തത്? വർഷങ്ങളായി ഭക്ഷണം പോലും തടയപ്പെട്ടിരിക്കുന്നു!”. അന്നേരം “ഞാൻ ഒറ്റക്ക് എന്ത് ചെയ്യാനാണ്?” എന്നായിരുന്നു അയാളുടെ മറുപടി. അപ്പോൾ ഹിശാം പറഞ്ഞു: “ഒരാൾ മാത്രമല്ല രണ്ടാമനായി ഞാനുമുണ്ട്”. മൂന്നാമനായി മുത്ഇമു ബ്നു അദിയ്യിനേയും അതുപോലെ അബുൽ ബുഹ്‌തുരിയേയും അവർക്ക് ലഭിച്ചു.
അങ്ങനെ നാലു പേരും കൂടി ഖുറൈശികളോട് കരാർ വലിച്ചു കീറുന്നതിനെ സംബന്ധിച്ച് സംസാരിച്ചു. അന്നേരം അബൂജഹൽ “നീ പറയുന്നത് നടക്കാൻ പോകുന്നില്ല” എന്ന് പറഞ്ഞു. ഉടനെ ആദ്യം സംസാരിച്ച സുഹൈറിനോടൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരും കൂടി അത് നടക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞു. ഈ സന്ദർഭത്തിൽ പ്രസ്തുത സംസാരങ്ങൾ ശ്രദ്ധിച്ചിരുന്ന അബൂത്വാലിബ് പറഞ്ഞു: “നിങ്ങൾ തർക്കിക്കേണ്ടതില്ല, അത് അല്ലാഹു തന്നെ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. ഇക്കാര്യം അല്ലാഹു മുഹമ്മദിനെ അറിയിച്ചു കഴിഞ്ഞു”.
ഇത് കേട്ട മുത്ഇമു ബ്നു അദിയ്യ് കരാർ പത്രം വലിച്ചു കീറുന്നതിനായി ചെന്ന് നോക്കിയപ്പോൾ തുടക്കത്തിൽ എഴുതപ്പെട്ടിരുന്ന ബിസ്മികല്ലാഹുമ്മ (അല്ലാഹുവിന്റെ നാമത്തിൽ) എന്ന വചനം ഒഴിച്ച് ബാക്കിയുള്ളതെല്ലാം ചിതൽ തിന്ന് നശിപ്പിക്കപ്പെട്ടിരുന്നു!! അതോടെ ആ ബഹിഷ്‌കരണവും അവസാനിച്ചു. പ്രവാചകനും സ്വഹാബികളും ശഅബ് അബൂത്വാലിബിൽ (അബൂത്വാലിബിന്റെ മലഞ്ചെരുവിൽ) നിന്നും മക്കയിലേക്ക് തിരിച്ചുവന്നു.