പ്രവാചകൻ(ﷺ)യുടെ വരവും പ്രതീക്ഷിച്ച് നീണ്ട ദിവസങ്ങൾ കാത്തിരുന്ന യഥ്‌രിബ് (മദീന) നിവാസികൾക്ക് ആ സുദിനം സന്തോഷത്തിന്റെ മുഹൂർത്തമായിരുന്നു. അവർ ഉയർന്ന കുന്നിന്റെയും മരങ്ങളുടേയും മുകളിൽ നേരത്തെ തന്നെ നിലയുറപ്പിച്ചു. അറകളിൽ നിന്നും കന്യകമാർ പോലും വഴിയോരങ്ങളിൽ കാത്ത് നിന്നു. ആവേശപൂവ്വമായ വരവേൽപ്പായിരുന്നു അവർ പ്രവാചകന് നൽകിയത്. അനസ്(رضي الله عنه) പറയുന്നു: നബി(ﷺ) മദീനയിൽ എത്തിയ സുദിനത്തിന് ഞാൻ സാക്ഷിയായിരുന്നു. അന്നത്തേക്കാൾ ആനന്ദവും ആമോദവും നിറഞ്ഞ ഒരു ദിനം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഓരോരുത്തരും പ്രവാചകൻ(ﷺ) എന്റെ അടുക്കൽ ഇറങ്ങിയിരുന്നെങ്കിൽ എന്ന ആഗ്രഹത്തിലായിരുന്നു. എന്നാൽ പ്രവാചകൻ പറഞ്ഞു: ഒട്ടകത്തിന് വിട്ടുകൊടുക്കുക, അത് കൽപ്പിക്കപ്പെട്ടതാണ്.
അങ്ങിനെ ഇന്ന് മസ്‌ജിദുന്നബവി നിൽക്കുന്ന സ്‌ഥലത്ത് ഒട്ടകം മുട്ടുകുത്തി. ശേഷം പ്രസ്‌തുത സ്‌ഥലത്തിനോട് ഏറ്റവും അടുത്ത വീടായ അബു അയ്യൂബിൽ അൻസ്വാരിയുടെ വീട്ടിൽ പ്രവാചകൻ(ﷺ) താമസിച്ചു. ക്രിസ്താബ്ദം 622 സപ്‌തംബർ 27, റബീഉൽ അവ്വൽ പന്ത്രണ്ട് വെള്ളിയാഴ്‌ചയായിരുന്നു പ്രസ്‌തുത സുദിനം. അന്നു മുതൽ യഥ്‌രിബ് മദീനത്തുർറസൂൽ (റസൂലിന്റെ പട്ടണം) എന്നും അത് പിന്നീട് മദീന എന്ന പേരിലും പ്രസിദ്ധമായി. യഥ്രിബ് എന്ന നാമം ചരിത്ര ഗ്രന്ഥങ്ങളിൽ മാത്രം ഒതുങ്ങുകയും ചെയ്തു
ജീവനേക്കാളും കുടുംബത്തേക്കാളും സമ്പത്തിനേക്കാളും അധികം ആദർശത്തെ സ്നേഹിച്ച പാലായനത്തിന്റെ ചരിത്രമാണ് ഹിജ്റ. ചരിത്രത്തിലെ തുല്യതയില്ലാത്ത മഹാത്യാഗത്തിന്റെ കഥയാണത് നമ്മെ അനുസ്‌മരിപ്പിക്കുന്നത്. അത് ഇസ്‌ലാമിക ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമായിരുന്നു. ഏതൊരു വിജയത്തിന്റെ പിന്നിലും ത്യാഗങ്ങളുടെ മാർഗ്ഗമാണ് കാണപ്പെടുക എന്ന തത്വവും ഹിജ്റ നമ്മെ ഓർമ്മപ്പെടുത്തുന്നു. എക്കാലഘട്ടത്തിലേയും വിശ്വസികൾക്ക് പാഠവും ആവേശവുമായ പ്രസ്‌തുത സംഭവമാണ് പിൽക്കാലത്ത് മുസ്‌ലിം കാലഗണനക്കായി ഉമർ (رضي الله عنه)വിന്റെ കാലത്ത് തിരഞ്ഞെടുക്കപ്പെട്ടതും. അന്നുമുതലാണ് ഹിജ്റ കലണ്ടർ കണക്കുകൂട്ടി വരുന്നതും.
മസ്‌ജിദുന്നബവി
മദീനയിലെത്തിയ പ്രവാചകൻ(ﷺ)ന്റെ ആദ്യ സംരംഭം മസ്ജിദുന്നബവിയുടെ നിർമ്മാണമായിരുന്നു. ബനുന്നജ്ജാർ ഗോത്രത്തിൽ പെട്ട സഹ്ൽ, സുഹൈൽ എന്നീ പേരുകളിലുള്ള രണ്ട് അനാഥക്കുട്ടികളുടെ അവകാശത്തിലുണ്ടായിരുന്ന സ്ഥലം വിലക്കുവാങ്ങിയാണ് പള്ളി നിർമ്മാണം നടത്തിയത്. പ്രവാചകനും അനുയായികളും ആവേശത്തോടുകൂടി അതിൽ വ്യാപൃതരായി. പണി പൂർത്തിയായപ്പോൾ പ്രവാചകന് താമസിക്കാനുള്ള സൗകര്യവും പള്ളിയോട് ചേർന്ന് നിർമ്മിക്കപ്പെട്ടു. അതിനു ശേഷം പ്രവാചകൻ(ﷺ) അബൂ അയ്യുബിൽ അൻസ്വാരിയുടെ വീട്ടിൽ നിന്നും പള്ളിയോട് ചേർന്ന് നിർമ്മിക്കപ്പെട്ട ഭവനത്തിലേക്ക് താമസം മാറ്റി.
മസ്‌ജിദുന്നബവി, അതാണ് പിന്നീട് പ്രവാചകന്റെ കാലഘട്ടത്തിലെ സർവ്വകലാശാലയും കോടതിയും പാർലിമെന്റ് മന്ദിരവും അശരണരായ ആളുകൾക്കുള്ള വീടും എല്ലാം എല്ലാം ആയിത്തീർന്നത്. അവിടെവെച്ച് നിർവ്വഹിക്കപ്പെടുന്ന നമസ്കാരത്തിന് (മസ്‌ജിദുൽ ഹറമല്ലാത്ത) മറ്റു പള്ളികളിൽ വെച്ച് നിർവ്വഹിക്കുന്ന ആരാധനകളേക്കാൾ ആയിരം ഇരട്ടി പ്രതിഫലവും അല്ലാഹു നിശ്ചയിച്ചു.
വീടിന്റെയും മറ്റും പണി പൂർത്തിയായപ്പോൾ പ്രവാചക പത്നി സൗദ(رضي الله عنها) മക്കളായ ഫാത്വിമ: ഉമ്മുകുൽസൂം (رضي الله عنهما) നബി(ﷺ)യുടെ വളർത്തു മാതാവായ ഉമ്മു ഐമൻ, പോറ്റു മകനായ സൈദ്(رضي الله عنه)വിന്റെ മകൻ ഉസാമത്തുബ്നു സൈദ് എന്നിവരും നബിയോടൊപ്പം എത്തിച്ചേർന്നു.
മുഹാജിറുകളും അൻസ്വാറുകളും
അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് ആദർശ സംരക്ഷണാർത്ഥം മദീനയിലെത്തിയ അഭയാർത്ഥികൾക്ക് മുഹാജിറുകൾ എന്നും അവർക്ക് എല്ലാം നൽകി സ്വീകരിക്കുകയും സഹായിക്കുകയും ചെയ്‌ത മദീനാ നിവാസികൾക്ക് അൻസ്വാറുകൾ (സഹായികൾ) എന്നുമാണ് ഖുർആനും ഹദീസും നാമകരണം ചെയ്തിരിക്കുന്നത്.
മുഹാജിറുകൾക്കും അൻസ്വാറുകൾക്കും ഇടയിൽ ശക്തമായ സൗഹൃദവും സാഹോദര്യവുമാണ് പ്രവാചകൻ ഉണ്ടാക്കിയെടുത്തത്. അൻസ്വാരികളിൽ നിന്നു ഓരോരുത്തർക്കും മുഹാജിറായ ഓരോ സഹോദരനെ വീതം പ്രവാചകൻ(ﷺ) വീതിച്ചുകൊടുത്തു. അബ്‌ദു റഹ്‌മാനുബ്നു ഔഫ്(رضي الله عنه) തന്നെ ഏൽപ്പിച്ചു കൊടുത്ത സഅദ്(رضي الله عنه)നെ സംബന്ധിച്ച് പറയുന്നത് ഇമാം ബുഖാരി രേഖപ്പെടുത്തുന്നത് കാണുക: “സഅദ്(رضي الله عنه) എന്നോട് പറഞ്ഞു: അബ്‌ദു റഹ്‌മാൻ എനിക്ക് ധാരാളം സമ്പത്തുണ്ട്. അത് ഞാനിതാ രണ്ടായി തിരിക്കുന്നു; ഇനി അതിൽ ഒരു ഭാഗം താങ്കളുടേതാണ്. എനിക്ക് രണ്ട് ഭാര്യമാരുണ്ട്. അവരെ നീ കാണുക. എന്നിട്ട് നീ ഇഷ്ടപ്പെടുന്നത് ആരെയാണ് എന്ന് പറയുക. അവരെ ഞാൻ വിവാഹമോചനം നടത്തുന്നതാണ്. ഇദ്ദ കാലം കഴിഞ്ഞ ശേഷം നീ അവരെ വിവാഹം കഴിക്കുകയും വേണം. ഞാൻ പറഞ്ഞു: സഅദേ, താങ്കളുടെ ധനത്തിലും കുടുംബത്തിലും അല്ലാഹു താങ്കൾക്ക് ബർക്കത്ത് ചൊരിയട്ടെ. എനിക്ക് ഇവിടുത്തെ കച്ചവട കേന്ദ്രം പരിചയപ്പെടുത്തി തന്നാൽ മതി. ഞാൻ കച്ചവടം ചെയ്തു ജീവിച്ചുകൊള്ളാം എന്നായിരുന്നു. ഇതുപോലുള്ള അനുഭവങ്ങൾ തന്നെയായിരുന്നു ഓരോരുത്തർക്കും പറയാനുണ്ടായിരുന്നത്. അത്കൊണ്ട് തന്നെയാണ് അൻസ്വാരികളെ പ്രശംസിച്ചുകൊണ്ട് അല്ലാഹു ഇപ്രകാരം വ്യക്‌തമാക്കിയതും:
وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلْإِيمَـٰنَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِى صُدُورِهِمْ حَاجَةً مِّمَّآ أُوتُوا وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُولَـٰٓئِكَ هُمُ ٱلْمُفْلِحُونَ ٩
“മുഹാജിറുകൾ എത്തും മുമ്പ് വിശ്വസിക്കുകയും അവർക്ക് ഭവനമൊരുക്കുകയും ചെയ്തവർ. അവർ തങ്ങളുടെ അടുത്തേക്ക് അഭയാർത്ഥികളായി വന്നവരെ സ്നേഹിക്കുന്നു. അവർക്ക് നൽകപ്പെട്ടതിൽ നിന്ന് എന്തെങ്കിലും ലഭിക്കണമെന്ന ആവശ്യം അവരുടെ മനസ്സിലില്ല. സ്വന്തം അത്യാവശ്യമുണ്ടെങ്കിൽ പോലും അവർ മറ്റുള്ളവർക്ക് പ്രാധാന്യം നൽകുന്നു” (ഖുർആൻ 59: 9).
ജൂതന്മാരുമായുളള കരാർ
നബി(ﷺ) മദീനയിൽ എത്തിയതോടെ മുഹാജിറുകളും അൻസ്വാറുകളും തമ്മിൽ സൗഹൃദത്തിലായത് പോലെ തന്നെ വളരെക്കാലമായി കലഹത്തിലും ശത്രുതയിലുമായിരുന്ന ഔസ്, ഖസ്‌റജ് എന്നീ ഗോത്രങ്ങൾ തമ്മിലും രമ്യതയും സൗഹൃദവും നിലവിൽ വന്നു. പിന്നീട് മദീനയിൽ നില നിന്നിരുന്ന പ്രധാന ജൂത ഗോത്രങ്ങളായിരുന്ന ബനൂ ഖയ്നുഖാഅ്, ബനൂ നളീർ, ബനൂ ഖുറൈള എന്നീ ഗോത്രങ്ങൾക്കും പരസ്‌പരം സൗഹാർദ്ദത്തിൽ കഴിയുന്നതിനും അവർക്ക് എല്ലാ നിലക്കുമുള്ള സംരക്ഷണം ഉറപ്പ് നൽകുന്നതിനുമായി അവരുമായി ഉടമ്പടിയുണ്ടാക്കി. എല്ലാ വിഭാഗത്തിനും അവരുടെ മതമനുസരിച്ച് ജീവിക്കുന്നതിന് സ്വാതന്ത്ര്യം നൽകുന്നതോടൊപ്പം പുറത്ത് നിന്നും വരുന്ന പൊതു ശത്രുവിനെ എല്ലാവരും കൂടി കൂട്ടായി ചെറുത്ത് നാട്ടിലെ സമാധാനം കാത്ത് സൂക്ഷിക്കുന്നതിന് ഉടമ്പടിയിൽ പ്രത്യേകം വ്യവസ്ഥ ചെയ്‌തിരുന്നു. ആഭ്യന്തരമായുണ്ടാകുന്ന പൊതു കാര്യങ്ങളിലെ തീർപ്പ് കൽപ്പിക്കുന്നതിന് പ്രവാചകൻ(ﷺ) യുടെ തീരുമാനം അന്തിമമായിരിക്കുന്നതാണ് എന്നും കരാറിൽ വ്യവസ്ഥ ചെയ്തു.