April 30, 2025

പ്രവാചകൻ(ﷺ) യുടെ ഹിജ്റ

മുശ്‌രികുകളുടെ കുതന്ത്രങ്ങൾ അതേ സന്ദർഭത്തിൽ തന്നെ അല്ലാഹു പ്രവാചകൻ(ﷺ) അറിയിക്കുകയും ഹിജ്റക്ക് വേണ്ടി തയ്യാറെടുത്ത് കൊള്ളാൻ അനുവാദം നൽകുകയും ചെയ്തു. അല്ലാഹുവിൽ നിന്നും അനുമതി ലഭിച്ച ഉടനെ പ്രവാചകൻ(ﷺ) അബൂബക്കർ(رضي الله عنه) വിന്റെ വീട്ടിൽ ചെന്ന് വിവരം അറിയിച്ചു. ഈ സന്ദർഭത്തിൽ അബൂബക്കർ(رضي الله عنه) ചോദിച്ചു: എനിക്കും താങ്കളോടൊപ്പം…? നബി(ﷺ) പറഞ്ഞു: ഉണ്ട്, തയ്യാറെടുത്ത് കൊള്ളുക. പ്രസ്‌തുത സന്ദർഭത്തെ സംബന്ധിച്ച് ആയിഷ(رضي الله عنها) പറഞ്ഞത്: ഒരാൾ സന്തോഷത്താൽ കരയുമെന്നത് എന്റെ പിതാവ് അന്ന് കരഞ്ഞത് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്.

അബുബക്കർ (رضي الله عنه) രണ്ട് വാഹനം തയ്യാറാക്കി, യഥ്‌രിബിലേക്ക് വഴികാട്ടിയായി യഹൂദിയായിരുന്ന അബ്‌ദുല്ലാഹി ബ്‌നു ഉറൈകത്ത് എന്ന വ്യക്തിയേയും, മക്കയിലെ സംസാരവിഷയങ്ങൾ എത്തിക്കാൻ തന്റെ മകൻ അബ്‌ദുല്ലയേയും, യാത്രയിൽ അവർക്ക് ആവശ്യത്തിന് പാൽ കൊടുക്കാൻ തന്റെ അടിമയായ ആമിറുബ്‌നു ഫുഹൈറ എന്ന ആട്ടിടയനേയും സജ്ജരാക്കി നിർത്തി.

മുശ്‌രികുകൾ അവരുടെ തീരുമാന പ്രകാരം വ്യത്യസ്‌ത ഗോത്രങ്ങളിൽ നിന്നായി കരുത്തരായ പതിനൊന്ന് പേരെ തിരഞ്ഞെടുക്കുകയും, അബുജഹലിന്റെ നേതൃത്വത്തിൽ അവർ പ്രവാചകന്റെ വീട് വളയുകയും ചെയ്തു. പ്രവാചകൻ(ﷺ) പ്രഭാതത്തിൽ എഴുന്നേറ്റ് പുറത്ത് വരുന്നതും പ്രതീക്ഷിച്ച് അവർ ഉറക്കമൊഴിച്ച് കാത്ത് നിന്നു.

എന്നാൽ ഈ വിവരം അല്ലാഹു നേരത്തെ തന്നെ നബി (ﷺ)യെ അറിയിച്ചത് അനുസരിച്ച്, പ്രവാചകൻ (ﷺ) അലി (رضي الله عنه)നെ തന്റെ വിരിപ്പിൽ താൻ പുതക്കാറുള്ള പുതപ്പ് പുതച്ച് കിടക്കാൻ ചുമതലപ്പെടുത്തുകയും, അതോടൊപ്പം തന്റെ പക്കൽ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന അമാനത്ത് വസ്തുക്കൾ (സൂക്ഷിപ്പ് മുതലുകൾ) ഉടമസ്ഥർക്ക് തിരിച്ചുനൽകാനും അദ്ദേഹത്തെ ഏർപ്പാട് ചെയ്തു.

മുശ്‌രികുകൾ വാതിൽ പഴുതിലൂടെ അകത്തേക്ക് എത്തി നോക്കിയപ്പോൾ ഒരാൾ പുതച്ച് ഉറങ്ങുന്നത് കണ്ട് സമാധാനിച്ചു. നേരം പുലരുന്നതും കാത്ത് അക്ഷമരായി നിന്നു. പ്രവാചകൻ(ﷺ) അല്ലാഹുവിന്റെ കൽപ്പന പ്രകാരം ഒരു പിടി മണൽ വാരി എറിഞ്ഞ് ഖുർആനിലെ മുപ്പത്തിയാറാമത്തെ അദ്ധ്യായമായ സൂറത്ത് യാസീനിലെ ഒമ്പതാമത്തെ വചനം ഉരുവിട്ട് കൊണ്ട് അവർക്ക് നടുവിലൂടെ വീട്ടിൽ നിന്നും പുറത്തിറങ്ങി! നുബുവ്വത്തിന്റെ പതിനാലാം വർഷം സഫർ 27  വ്യാഴാഴ്ചയായിരുന്നു അത്.

وَجَعَلْنَا مِنۢ بَيْنِ أَيْدِيهِمْ سَدًّا وَمِنْ خَلْفِهِمْ سَدًّا فَأَغْشَيْنَـٰهُمْ فَهُمْ لَا يُبْصِرُونَ ٩

നാം അവരുടെ മുമ്പിൽ ഒരു തടസ്സവും പിന്നിൽ ഒരു തടസ്സവും ഉണ്ടാക്കി. അങ്ങിനെ നാം അവരെ മൂടിക്കളഞ്ഞു. അതിനാൽ അവർക്ക് കണ്ണ് കാണാൻ കഴിഞ്ഞില്ല” (സൂറ: യാസീൻ 9).

പ്രവാചകൻ (ﷺ) നേരെ തന്റെ കുട്ടുകാരനായ അബൂബക്കർ(رضي الله عنه) വിന്റെ വീട്ടിലേക്ക് ചെന്നു. അസ്‌മാഅ് (رضي الله عنها) തയ്യാറാക്കിയിരുന്ന ഭക്ഷണം ഒരു സഞ്ചിയിലാക്കി നൽകി. എന്നാൽ അത് കെട്ടി ഭദ്രമാക്കി വാഹനപ്പുറത്ത് വെച്ചു കെട്ടാൻ ആവശ്യമായ കയറ് കിട്ടാതെ പ്രയാസപ്പെട്ടു. അർദ്ധരാത്രിയായിരുന്നു അത്. ഉടനെ അസ്‌മാഅ് (رضي الله عنها) തന്റെ വസ്ത്രത്തിന്റെ കയർ അഴിച്ചു അത് രണ്ടായി കീറി പകുതി ഭക്ഷണ സഞ്ചി വച്ചുകെട്ടാനായി നൽകി. അതിനാൽ അവർ ദാതുനിത്വാഖൈനി (രണ്ട് ചരടിന്റെ ഉടമ) എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെട്ടു. ശേഷം യമനിന്റെ ഭാഗത്തേക്കുള്ള വഴിയിലൂടെ സഞ്ചരിച്ച് മക്കയിൽ നിന്നും അഞ്ച് കിലോ മീറ്റർ ദൂരെയുള്ള ഥൗർ മലയിലെ ഗുഹയിൽ കയറി ഒളിച്ചു. ജനങ്ങൾക്കിടയിൽ സ്വാഭാവികമായും ഉണ്ടാകാനിടയുള്ള തിരച്ചിൽ അവസാനിക്കട്ടെ എന്നു കരുതി മൂന്ന് ദിവസം പ്രസ്‌തുത ഗുഹയിൽ കഴിച്ചു കൂട്ടി.

എന്നാൽ മുശ്‌രികുകളുടെ കാത്തിരിപ്പ് തുടരുകയായിരുന്നു. അന്നേരം അതു വഴി വന്ന ഒരാൾ നിങ്ങൾ ആരെയാണ് പ്രതീക്ഷിക്കുന്നത്? എന്ന് ചോദിക്കുകയും മുഹമ്മദിനെ എന്ന് അവർ മറുപടി പറയുകയും ചെയ്തു. അന്നേരം മുഹമ്മദ് നിങ്ങളുടെ തലയിൽ മണ്ണ് വാരിയെറിഞ്ഞ് പുറത്ത് പോയത് നിങ്ങൾ അറിഞ്ഞില്ലേ? എന്നായിരുന്നു അയാളുടെ ചോദ്യം. അവർ തലയിൽ തടവി നോക്കിയപ്പോൾ മണൽ കാണുകയും അതോടൊപ്പം അലി(رضي الله عنه) പുറത്ത് വരുന്നതുമാണ് അവർ കണ്ടത്. അവർ മുഖത്തോടു മുഖം നോക്കി പകച്ചു നിന്നു. അവസാനം അബൂജഹൽ മുഹമ്മദിനെ പിടിച്ചു കൊണ്ടുവരുന്നവർക്ക് നൂറ് ഒട്ടകം ഇനാം പ്രഖ്യാപിച്ചു. നേരെ അബൂബക്കർ(رضي الله عنه) വിന്റെ വീട് ലക്ഷ്യംവെച്ച് ഓടി. അവിടെ എത്തി വാതിലിൽ ശക്ത‌ിയായി മുട്ടി. പുറത്ത് വന്ന അസ്‌മാഅ്(رضي الله عنها)യോട് എവിടെ നിന്റെ പിതാവ് എന്ന് ചോദിച്ചുകൊണ്ട് അലറി. എനിക്ക് അറിയില്ല എന്ന മറുപടി കേട്ട ഉടനെ അതി ശക്തിയായി അവരുടെ മുഖത്ത് അടിച്ചു; അടിയുടെ ശക്‌തിയാൽ അവർ കാതിൽ ധരിച്ചിരുന്ന കമ്മൽ പോലും ഊരി തെറിച്ചുപോയി. ഹിജ്റയുടെ പേരിൽ ഏതൊക്കെ നിലക്കുള്ള പ്രയാസങ്ങളാണ് അവർ ഓരോരുത്തരം സഹിക്കേണ്ടതായി വന്നത്!! നമ്മുടെ മുൻഗാമികൾ മതത്തിനുവേണ്ടി അനുഭവിക്കേണ്ടി വന്ന യാതനകളും പീഡനങ്ങളും കുറച്ചൊന്നുമായിരുന്നില്ല.!!

ഥൗർഗുഹയിലെ അനുഭവങ്ങൾ

നൂറ് ഒട്ടകം മോഹിച്ച് പലരും വിവിധ ദിക്കുകളിലൂടെ തിരച്ചിൽ ആരംഭിച്ചു. ചിലർ നബി(ﷺ)യും അബൂബക്കർ(رضي الله عنه)വും ഒളിച്ചിരിക്കുന്ന ഗുഹാമുഖത്തോളമെത്തി. അബൂബക്കർ(رضي الله عنه) പറഞ്ഞു: നബിയേ, അതാ ശത്രുക്കൾ നമ്മുടെ മുന്നിലെത്തിയിരിക്കുന്നു. അവരൊന്ന് കുനിഞ്ഞു നോക്കിയാൽ നമ്മളിപ്പോൾ പിടിക്കപ്പെടും. അന്നേരം പ്രവാച കൻ(ﷺ) പറഞ്ഞത് “അബൂബക്കറേ, ശാന്തനാകൂ. നീ ദു:ഖിക്കാതിരിക്കൂ, അല്ലാഹു നമ്മോടൊപ്പമുണ്ട്.” അന്നേരം നബിയേ, എന്റെ കാര്യത്തിലല്ല. അങ്ങേക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നതിലാണ് എന്റെ പ്രയാസം എന്നായിരുന്നു അബൂബക്കർ(رضي الله عنه) വിൻെറ മറുപടി. പ്രസ്‌തുത സംഭവം അല്ലാഹു ഇങ്ങനെയാണ് ലോകത്തിന് മുന്നിൽ അനാവരണം ചെയ്തിരിക്കുന്നത്:

إِلَّا تَنصُرُوهُ فَقَدْ نَصَرَهُ ٱللَّهُ إِذْ أَخْرَجَهُ ٱلَّذِينَ كَفَرُوا ثَانِىَ ٱثْنَيْنِ إِذْ هُمَا فِى ٱلْغَارِ إِذْ يَقُولُ لِصَـٰحِبِهِۦ لَا تَحْزَنْ إِنَّ ٱللَّهَ مَعَنَا ۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيْهِ وَأَيَّدَهُۥ بِجُنُودٍۢ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُوا ٱلسُّفْلَىٰ ۗ وَكَلِمَةُ ٱللَّهِ هِىَ ٱلْعُلْيَا ۗ وَٱللَّهُ عَزِيزٌ حَكِيمٌ ٤٠

നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടു പേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്റും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്‍റെ കൂട്ടുകാരനോട്‌, ‘ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്’ എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്‍റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്‍റെ വാക്കാണ് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.” (ഖുർആൻ 9: 40)

നേരത്തെ ഏർപ്പാട് ചെയ്‌തത് അനുസരിച്ച് അബ്‌ദുല്ല മക്കയിലെ വിവരങ്ങൾ രാത്രി സമയം ഗുഹയിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. അബ്‌ദുല്ലയുടെ കാൽപ്പാടുകൾ മായ്ക്കപ്പെടാനായി ആമിറുബ്‌നു ഫുഹൈറ ആടുകളേയും കൊണ്ട് അതുവഴി സഞ്ചരിക്കുകയും ഗുഹയിലെത്തി നബി(ﷺ)ക്കും അബുബക്കർ(رضي الله عنه) വിനും ആടുകളെ കറന്ന് പാല് നൽകുകയും ചെയ്‌തു കൊണ്ടിരുന്നു. പിന്നീട് നേരത്തെ പറഞ്ഞത് അനുസരിച്ച് വഴികാണിക്കാനായി അബ്‌ദുല്ലാഹി ബ്‌നു ഉറൈഖത്തും വന്നു. അങ്ങിനെ മുന്ന് ദിവസത്തെ ഗുഹാവാസത്തിനു ശേഷം അവർ യഥ്‌രിബ് ലക്ഷ്യം വെച്ച് യാത്ര ആരംഭിച്ചു.

യാത്രയിലെ അനുഭവങ്ങൾ

വഴിക്ക് വെച്ച് അബുബക്കർ(رضي الله عنه) വിനോട് ഒരാൾ, ആരാണ് നിന്റെ കൂടെയുള്ള വ്യക്‌തി ? എന്ന ചോദ്യത്തിന് അബൂബക്കർ(رضي الله عنه) പറഞ്ഞു: ‘അദ്ദേഹം എന്റെ വഴികാട്ടിയാണ്’ എന്ന്. എല്ലാ അർത്ഥത്തിലും വഴികാട്ടി തന്നെയാണല്ലൊ പ്രവാചകൻ(ﷺ).

നബി(ﷺ) യെ പിടിച്ചുകൊടുത്ത് നൂറ് ഒട്ടകം വാങ്ങുന്നതിനായി സുറാഖത് ബ്‌നു മാലികും വാഹനമെടുത്ത് പുറപ്പെട്ടു. അയാൾ നബി(ﷺ)യേയും അബുബക്കർ(رضي الله عنه)വിനേയും കാണുകയും അവരുടെ അടുത്ത് എത്തുകയും ചെയ്തു. ഉടനെ അയാളുടെ ഒട്ടകം കാലിടറുകയും അയാൾ മറിഞ്ഞു വീഴുകയും ചെയ്‌തു. വീണ്ടും പരിശ്രമിച്ച് അടുത്ത് എത്താറായി. നബി(ﷺ) അന്നേരം ഖുർആൻ പാരായണം ചെയ്തു‌ കൊണ്ടിരുന്നത് പോലും കേൾക്കത്തക്ക നിലയിൽ സുറാഖത്ത് അടുത്തെത്തി. അപ്പോഴേക്കും ഒട്ടകത്തിന്റെ കൈകൾ നിലത്ത് പൂണ്ട് നടക്കാൻ പറ്റാത്ത വിധമായിക്കഴിഞ്ഞു. ഇത് ആവർത്തിച്ചപ്പോൾ ഇതിലെന്തോ അമാനുഷികമായ ഒന്ന് ഒളിഞ്ഞിരിപ്പുണ്ട് എന്ന് ബോധ്യപ്പെട്ട സുറാഖത്ത് ഇങ്ങിനെ വിളിച്ചു പറഞ്ഞു: “ഞാൻ സുറാഖയാണ്. നിങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നത് ഒന്നും എന്നിൽ നിന്നും ഇനി പ്രതീക്ഷിക്കേണ്ടതില്ല” എന്ന് വിളിച്ചു പറഞ്ഞ് അയാൾ തന്റെ ശ്രമത്തിൽ നിന്നും ദയനീയമായി പിന്തിരിഞ്ഞു.

വഴി മദ്ധ്യേ ഉണ്ടായ മറ്റൊരു സംഭവം, അവർക്ക് ശക്തമായി ദാഹവും വിശപ്പും അനുഭവപ്പെട്ടുകൊണ്ടിരുന്ന സമയം അടുത്ത് കണ്ട ഒരു ടൻറിൽ പ്രവേശിച്ചു. അത് ഉമ്മു മഅ്ബദിന്റെ ടൻറായിരുന്നു. അവിടെ കണ്ട വൃദ്ധയായ സ്ത്രീയോട് തങ്ങൾക്ക് നൽകാനായി എന്തെങ്കലും ഉണ്ടോ എന്ന് അന്വേഷിച്ചു. ഒന്നുമില്ല ആടുകളാണെങ്കിൽ കറവ വറ്റിയതുമാണ്, എന്നായിരുന്നു അവരുടെ മറുപടി. ഉടനെ, ഒരാടിനെ കറക്കാൻ എന്നെ അനുവദിക്കുമോ എന്ന് പ്രവാചകൻ(ﷺ) അനുമതി ചോദിച്ച്; അവരുടെ സമ്മതപ്രകാരം അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് ആടിനെ കറന്നു. അങ്ങിനെ അവരെല്ലാം ആവശ്യമായത്ര പാൽ കുടിച്ചു. ശേഷം അവിടെ ഉണ്ടായിരുന്ന ഒരു വലിയ പാത്രം നിറയെ പാൽ കറന്ന് വീട്ടുടമക്ക് നൽകി അവർ സ്ഥലം വിട്ടു. തികഞ്ഞ അത്ഭുതത്തോടെ ഇതെല്ലാം കണ്ട് ഉമ്മു മഅ്ബദ് തരിച്ചിരുന്നു.

അൽപം കഴിഞ്ഞ് വീട്ടിലെത്തിയ അവരുടെ ഭർത്താവ് അബുമഅ്ബദ് പാൽ നിറഞ്ഞിരിക്കുന്ന പാത്രം കണ്ട് അത്ഭുതപ്പെട്ടു. ഉമ്മുമഅ്ബദ് കാര്യങ്ങളെല്ലാം വിവരിച്ചു. എല്ലാം കേട്ട് അദ്ദേഹം പറഞ്ഞു; തീർച്ചയായും അത് മക്കക്കാർ അന്വേഷിച്ചു നടക്കുന്ന ആൾ തന്നെയാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എനിക്കും അദ്ദേഹത്തെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ !!

അങ്ങനെ സഫർ 27 ന് യാത്ര പുറപ്പെട്ട പ്രവാചകൻ(ﷺ)യും അബൂബക്കർ(رضي الله عنه) വും റബീഉൽ അവ്വൽ 8 ന് തിങ്കളാഴ്ച യഥ്‌രിബിന് സമീപമുള്ള ഖുബാഇൽ എത്തിച്ചേർന്നു. നാല് ദിവസം ഖുബാഇൽ താമസിച്ച പ്രവാചകൻ അതിനിടയിൽ ഖുബാഇൽ പള്ളി പണിയുകയും അവിടെ നമസ്കാരം ആരംഭിക്കുകയും ചെയ്‌തു. അതായിരുന്നു ഹിജ്റക്ക് ശേഷം ആദ്യമായി സ്‌ഥാപിച്ച പള്ളി; എന്ന് മാത്രമല്ല, പ്രവാചകന്റെ നുബുവ്വത്തിനു ശേഷം ആദ്യമായി പണിത പള്ളിയും അത് തന്നെയായിരുന്നു. അഞ്ചാം ദിവസം വെള്ളിയാഴ്‌ച ഖുബാഇൽ നിന്നും യഥ്‌രിബിന് നേരെ യാത്രയാരംഭിച്ചു. യാത്ര വാദി ബനീ സാലിമിൽ എത്തിയപ്പോൾ അവിടെ വെച്ച് ആദ്യത്തെ ജുമുഅയും നിർവ്വഹിച്ചു. നൂറോളം ആളുകൾ പ്രസ്‌തുത ജുമുഅയിൽ പങ്കെടുക്കുകയുണ്ടായി എന്നാണ് ചരിത്രം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഈ സ്ഥ‌ലത്താണ് ഇന്ന് മസ്‌ജിദ് ജുമുഅ: എന്ന പേരിലുള്ള പള്ളി നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

Related articles

അഖബ: ഉടമ്പടികൾ

ഒന്നാം അഖബ: ഉടമ്പടി മുശ്‌രികുകളുടെ മർദ്ദനങ്ങൾക്ക് ശക്‌തികൂടിയപ്പോൾ പ്രവാചകൻﷺ പ്രബോധന പ്രവർത്തനങ്ങൾ മക്കയുടെ പുറം നാടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ച് ആലോചിച്ചു. അതിന് വേണ്ടി ഹജ്ജ് സമയങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തു. അതനുസരിച്ച് യഥ്‌രിബിൽ നിന്നും ഹജ്ജിന്നായി വന്നിരുന്ന ആളുകളുമായി സംസാരിക്കുകയും അവരിൽ ചിലർ അത് ഉൾക്കൊള്ളാൻ തയ്യാറാവുകയും ചെയ്‌തു. അതനുസരിച്ച് ആറ് പേർ മുസ്‌ലിമാവുകയും അവർ നാട്ടിൽ ഈ സത്യം മറ്റുള്ളവരെ അറിയിക്കുമെന്നും, കൂടുതൽ ആളുകളെ ലഭിക്കുകയാണെങ്കിൽ അടുത്ത വർഷം അവരെയും താങ്കളുടെ അടുക്കലേക്ക് കൊണ്ടുവരും എന്നും വാഗ്ദത്തം […]

പ്രബോധനം

പ്രബോധനത്തിന്റെ തുടക്കം നബിﷺക്ക് തന്റെയടുക്കൽ വന്നത് അല്ലാഹുവിൽ നിന്നുള്ള മലക്ക് ആയിരുന്നു എന്ന് ബോധ്യപ്പെടുകയും അങ്ങനെ തന്നിലേൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തെ സംബന്ധിച്ച് ബോധവാനാവുകയും ചെയ്തു‌. അതോടെ വീണ്ടും ഹിറാ ഗുഹയിൽ കണ്ട ആ മാലാഖ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു. പക്ഷേ കുറച്ച് കാലത്തേക്ക് പിന്നീട് വഹ്‌യ് ( وحي – ദിവ്യസന്ദേശം) ഒന്നും ലഭിക്കുകയുണ്ടായില്ല. നബിക്കതിൽ ദുഃഖവും പ്രയാസവുമുണ്ടായി. അന്നേരം വീണ്ടും പ്രവാചകർക്ക് വഹ്‌യ് എത്തിച്ചുകൊടുക്കുന്ന മലക്ക് ജിബ്‌രീൽ നബിയുടെ അടുത്ത് പ്രത്യക്ഷപ്പെടുകയും ഖുർആനിലെ 74-ാം അദ്ധ്യായമായ സൂറത്തുൽ […]

Leave a Reply

Your email address will not be published. Required fields are marked *