April 30, 2025

അഖബ: ഉടമ്പടികൾ

ഒന്നാം അഖബ: ഉടമ്പടി

മുശ്‌രികുകളുടെ മർദ്ദനങ്ങൾക്ക് ശക്‌തികൂടിയപ്പോൾ പ്രവാചകൻﷺ പ്രബോധന പ്രവർത്തനങ്ങൾ മക്കയുടെ പുറം നാടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ച് ആലോചിച്ചു. അതിന് വേണ്ടി ഹജ്ജ് സമയങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തു.

അതനുസരിച്ച് യഥ്‌രിബിൽ നിന്നും ഹജ്ജിന്നായി വന്നിരുന്ന ആളുകളുമായി സംസാരിക്കുകയും അവരിൽ ചിലർ അത് ഉൾക്കൊള്ളാൻ തയ്യാറാവുകയും ചെയ്‌തു. അതനുസരിച്ച് ആറ് പേർ മുസ്‌ലിമാവുകയും അവർ നാട്ടിൽ ഈ സത്യം മറ്റുള്ളവരെ അറിയിക്കുമെന്നും, കൂടുതൽ ആളുകളെ ലഭിക്കുകയാണെങ്കിൽ അടുത്ത വർഷം അവരെയും താങ്കളുടെ അടുക്കലേക്ക് കൊണ്ടുവരും എന്നും വാഗ്ദത്തം ചെയ്ത് പിരിഞ്ഞു. ഈ സംഭവങ്ങൾ പ്രവാചകത്വത്തിന്റെ പതിനൊന്നാം വർഷത്തിലായിരുന്നു.

മേൽ പറയപ്പെട്ട ആറ് വ്യക്ത‌ികൾ യഥ്‌രിബിൽ തിരിച്ചെത്തി നടത്തിയ പ്രബോധന പ്രവർത്തനങ്ങളുടെ ഫലമായി അടുത്തവർഷം നുബുവ്വത്തിന്റെ പന്ത്രണ്ടാം വർഷം ആദ്യം നബിയിൽ വിശ്വസിച്ചവരിൽ അഞ്ച് പേർ ഉൾപ്പടെ 12 പേർ ഹജ്ജിനായി മക്കയിൽ വരികയും മിനക്ക് സമീപം അഖബയിൽ വെച്ച് നബിﷺ യുമായി കൂടിക്കാഴ്ച നടത്തി മഹത്തായ ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു.

“അല്ലാഹുവിനെയല്ലാതെ ആരാധിക്കുകയില്ല, വ്യഭിചാരം, കവർച്ച, ശിശുഹത്യ, അപവാദം പറഞ്ഞു പരത്തുക എന്നിവ പൂർണ്ണമായും വർജ്ജിക്കുക, ഒരിക്കലും പ്രവാചകനോട് എതിര് പ്രവർത്തിക്കാതിരിക്കുക” എന്നിവയായിരുന്നു കരാറിലെ പ്രധാന വ്യവസ്‌ഥകൾ.

ഈ കരാർ ആണ് ഒന്നാം അഖബ: ഉടമ്പടി എന്ന പേരിൽ അറിയപ്പെടുന്നത്.

രണ്ടാം അഖബ: ഉടമ്പടി

ഒന്നാം ഉടമ്പടി കഴിഞ്ഞ് യഥ്‌രിബിലേക്ക് തിരിച്ചുപോയ സംഘത്തോടൊപ്പം മിസ്വ്അബ് ബ്‌നു ഉമൈർ (റ) വിനെ പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി പറഞ്ഞയച്ചു. മിസ്വ്അബ്(റ) വിന്റെ നേതൃത്വത്തിൽ യഥ്രിബിലെ ദഅ്വത്ത് ശക്‌തിപ്പെടാൻ തുടങ്ങി.

തൽഫലമായി അടുത്ത വർഷം നുബുവ്വത്ത് പതിമൂന്നാം വർഷം 72 പുരുഷന്മാരും 2 സ്ത്രീകളും യഥ്‌രിബിൽ നിന്നും ഹജ്ജിനു വന്ന മുശ്‌രികുകളോടൊപ്പം മക്കയിൽ എത്തി. അവർ പ്രവാചകൻﷺ യും വിശ്വാസികളും അനുഭവിക്കുന്ന മർദ്ദനങ്ങളെ സംബന്ധിച്ച് മനസ്സിലാക്കി; സത്യ ദീനിന്റെ പേരിൽ പ്രവാചകൻﷺ പ്രയാസപ്പെടുന്നത് ശരിയല്ല എന്ന് അവർ പരസ്പ‌രം പറയാൻ തുടങ്ങി.

അങ്ങിനെ അവർ പ്രവാചകനെ യഥ്‌രിബിലേക്ക് സ്വാഗതം ചെയ്‌തു; അക്കാര്യം പ്രവാചകനെ അറിയിച്ചു. നിങ്ങളുടെ പ്രയാസങ്ങൾ ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു; അതിനാൽ നിങ്ങൾ ഞങ്ങളുടെ നാട്ടിലേക്ക് വരികയാണ് എങ്കിൽ നിങ്ങൾക്ക് എല്ലാവിധ സംരക്ഷണവും സഹായങ്ങളും നൽകാൻ ഞങ്ങൾ തയ്യാറാണ് എന്ന് അറിയിച്ചു.

അങ്ങനെ അവർ പ്രവാചകനുമായി താഴെ പറയുന്ന വ്യവസ്‌ഥകൾ അംഗീകരിച്ചുകൊണ്ട് ഒരു കരാറിൽ ഒപ്പുവെച്ചു. ഇതായിരുന്നു രണ്ടാം അഖബ: ഉടമ്പടി.

“എല്ലാ നിലയിലും പ്രവാചകനെ അനുസരിക്കുക. പ്രയാസത്തിന്റേയും എളുപ്പത്തിന്റെയും അവസരത്തിൽ ഇസ്‌ലാമിക മാർഗ്ഗത്തിൽ ചിലവഴിക്കുക. നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക. ഒരാളുടെ ആക്ഷേപവും വകവെക്കാതെ മതത്തിൽ ഉറച്ച് നിൽക്കുക. ഞാൻ നിങ്ങളിലേക്ക് വന്നാൽ നിങ്ങളുടെ മക്കളേയും ഭാര്യമാരേയും സംരക്ഷിക്കും പ്രകാരം, സ്വർഗ്ഗം മാത്രം ലക്ഷ്യം വെച്ച് എന്നെ സംരക്ഷിക്കുക”.

അങ്ങനെ സംഘത്തിലുണ്ടായിരുന്ന ഓരോരുത്തരും മേൽ വ്യവസ്‌ഥകൾ പാലിക്കുമെന്ന് നബിﷺയുടെ കൈ പിടിച്ചുകൊണ്ട് (രണ്ട് സ്ത്രീകൾ ഒഴികെ) തന്നെ ഉടമ്പടി ചെയ്തു. തദടിസ്ഥാനത്തിൽ പ്രവാചകൻﷺ അവരിലെ ഓരോ ഗോത്രത്തിൽ നിന്നും പ്രസ്‌തുത കരാർ പാലിക്കുന്ന ഉത്തരവാദിത്വം ഏൽപ്പിച്ച് ഓരോ നേതാക്കളെയും തിരഞ്ഞെടുത്തു.

Related articles

ബദർയുദ്ധം

മുസ്‌ലിംകൾ മദീനയിൽ തങ്ങളുടെ പ്രബോധന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് മുശ്‌രികുകൾക്ക് ഒട്ടും സഹിക്കാൻ കഴിഞ്ഞിരുന്നില്ല. അവർ പല നിലയിലും പ്രവാചകനേയും മുസ്‌ലിംകളേയും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഈ അവസരത്തിൽ അല്ലാഹു യുദ്ധത്തിന് അനുമതി നൽകിക്കൊണ്ടുള്ള വചനം അവതരിപ്പിച്ചു. أُذِنَ لِلَّذِينَ يُقَـٰتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ ٱللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ ٣٩ “യുദ്ധത്തിന് ഇരയാകുന്നവർക്ക്, അവർ മർദ്ദിക്കപ്പെട്ടവരായതിനാൽ (തിരിച്ചടിക്കാൻ) അനുവാദം നൽകപ്പെട്ടിരിക്കുന്നു. തീർച്ചയായും അല്ലാഹു അവരെ സഹായിക്കാൻ കഴിവുള്ളവൻ തന്നെയാകുന്നു” (ഖുർആൻ 22: 39) മദീനയിൽ ഇസ്ല്‌ലാം […]

കഅ്ബാ പുനർനിർമാണം

ഹജറുൽ അസ്‌വദ് നബിﷺക്ക് മുപ്പത്തഞ്ച് വയസ്സ് പ്രായമായ സമയത്ത്, അതിശക്തമായ നിലക്കുണ്ടായ വെള്ളപ്പൊക്കവും മറ്റും കാരണത്താൽ കഅബാലയത്തിന് കേടുപാടുകൾ സംഭവിക്കുകയും ഖുറൈശികൾ അത് പുതുക്കിപ്പണിയാൻ തീരുമാനിക്കുകയും ചെയ്‌തു. വലീദ് ബ്‌നു മുഗീറയുടെ നേതൃത്വത്തിൽ കഅബ പുതുക്കിപ്പണിയുന്ന ജോലി ആരംഭിച്ചു. നാട്ടുപ്രമാണിമാരും ഗോത്രത്തലവന്മാരും പ്രസ്തുത പുണ്യകർമ്മത്തിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്തു‌. വേശ്യാവൃത്തി, പലിശ തുടങ്ങിയ തെറ്റായ മാർഗ്ഗത്തിലൂടെയുള്ള സമ്പാദ്യങ്ങൾ ഒരു കാരണവശാലും പ്രസ്തുത കർമ്മത്തിന്ന് ഉപയോഗിക്കുകയില്ല; മറിച്ച് വിശിഷ്ഠ മാർഗ്ഗത്തിലൂടെയുള്ള വരുമാനം മാത്രമേ കഅബാ നിർമ്മാണത്തിന് ഉപയോഗിക്കൂ എന്ന […]

Leave a Reply

Your email address will not be published. Required fields are marked *