ഹംസ, ഉമർ (റ) എന്നിവരുടെ ഇസ്‌ലാം മതാശ്ലേഷണം ഖുറൈശികളുടെ ഉറക്കം കെടുത്തുക തന്നെ ചെയ്തു.
ഒരിക്കൽ നബിﷺ കഅബയുടെ പരിസരത്ത് ഒറ്റക്ക് ഇരിക്കുന്നത് കണ്ട മുശ്‌രിക്കുകളുടെ കൂട്ടത്തിലെ തല യെടുപ്പുള്ള നേതാവായ ഉത്ബത്ത് (അബുൽ വലീദ്) തന്റെ അനുയായികളോട് ചിലത് സംസാരിച്ച ശേഷം ഇപ്രാവശ്യം എന്തായാലും ഞാൻ മുഹമ്മദിനെ കീഴ്പ്പെടുത്തുക തന്നെ ചെയ്യും എന്ന് പറഞ്ഞ് പ്രവാചകന്റെ നേർക്ക് ചെന്നു. ശേഷം ഇപ്രകാരം പറഞ്ഞു:
“മുഹമ്മദേ നീ ഞങ്ങളിലെ മാന്യനും ഉന്നതനുമാണ്. പക്ഷേ നമ്മൾ പൂർവ്വീകരായി ചെയ്‌തു ശീലിച്ച ആചാരങ്ങളിൽ നിന്നും മാറിക്കൊണ്ട് നീ ഒരു പുതിയ ആശയവുമായി പുറപ്പെട്ടിരിക്കുകയാണല്ലൊ. എന്താണ് ഇതിന്റെ പിന്നിലെ നിന്റെ ലക്ഷ്യം? നീ ഇവിടുത്തെ ഭരണമാണ് ആഗ്രഹിക്കുന്നത് എങ്കിൽ നിന്നെ ഞങ്ങൾ ഭരണം ഏൽപ്പിച്ച് നേതാവാക്കാം, അതല്ല ധനമാണ് നിന്റെ ലക്ഷ്യമെങ്കിൽ നീ ആവശ്യപ്പെടുന്ന സമ്പത്ത് ഞങ്ങൾ സ്വരൂപിച്ച് നൽകാം, അതല്ല വല്ല പെൺകുട്ടികളേയും വിവാഹം കഴിക്കാനാണ് നിന്റെ ഒരുക്കമെങ്കിൽ അതിന് ഞങ്ങൾ അവസരം ഉണ്ടാക്കി തരാം. അതല്ല നിനക്ക് വല്ല രോഗവുമാണ് എങ്കിൽ ഞങ്ങൾ ചികിൽസിച്ച് മാറ്റാം”.
ഇത് പറഞ്ഞു തീർന്നപ്പോൾ നബിﷺ ഖുർആനിലെ 41-ാം അദ്ധ്യായമായ സൂറത്ത് ഹാമീം സജദയിലെ (ഫുസ്വിലത്ത്) ആയത്തുകൾ ഓതിക്കൊടുക്കാൻ തുടങ്ങി.
فَإِنْ أَعْرَضُوا فَقُلْ أَنذَرْتُكُمْ صَـٰعِقَةً مِّثْلَ صَـٰعِقَةِ عَادٍ وَثَمُودَ ١٣
“ഇനി അവർ തിരിഞ്ഞു കളയുകയാണ് എങ്കിൽ പറഞ്ഞേക്കുക, ആദ്, ഥമൂദ് എന്നീ സമൂഹങ്ങൾക്ക് നേരിട്ട ഭയങ്കര ശിക്ഷ പോലുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങൾക്ക് താക്കീത് നൽകുന്നു”. എന്ന വചനം എത്തിയപ്പോൾ ഉത്ബത്ത് എഴുന്നേറ്റു, കുടുംബത്തെ വിചാരിച്ച് നീ അൽപം കാരുണ്യം കാണിക്കണം എന്നു പറഞ്ഞ് നബിﷺ യുടെ വായ പൊത്തുകയും ഉടനെ അവിടുന്ന് സ്‌ഥലം വിടുകയും ചെയ്തു.
ഉത്ബത്തിന്റെ മടക്കം കണ്ട ഉടനെ, കണ്ട് നിന്നവർ പറഞ്ഞു: “ഉത്ബത്ത് പോയ ഉഷാറോട് കൂടിയല്ല വരുന്നത്”. വന്ന ഉടനെ “ഖുറൈശീ സമൂഹമേ, നിങ്ങൾ ആ മനുഷ്യനെ വിട്ടേക്കുക. ഞാൻ ഒരു വാക്ക് കേട്ടു അവനിൽനിന്ന്. അതുപോലൊന്ന് മുമ്പ് ഒരിക്കലും ഞാൻ കേട്ടിട്ടേയില്ല. അത് കവിതയുമല്ല, ജോൽസ്യവുമല്ല. അതുകൊണ്ട് അവനെ വിട്ട് ഒഴിഞ്ഞ് മാറുന്നതാണ് നല്ലത്. അത്തരത്തിലുള്ള ഭീകരമായ ഒന്നായിരുന്നു അവൻ എന്നെ കേൾപ്പിച്ചത്”.