പ്രബോധന പ്രവർത്തനങ്ങൾ നാൾക്കുനാൾ വിജയത്തിലേക്ക് നീങ്ങി; വിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഇത് ശത്രുക്കളിൽ പരിഭ്രാന്തി പരത്തി. അവർ പ്രവാചകപിതൃവ്യനെ കണ്ട് നബിﷺക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പറഞ്ഞുനോക്കി; പക്ഷേ ഫലം നിരാശ മാത്രം.
തങ്ങളുടെ എല്ലാ അടവുകളും പാളിപ്പോയപ്പോൾ അവർ മർദ്ദനത്തിന്റെ ശക്തി കൂട്ടാൻ തന്നെ തീരുമാനിക്കുകയും വിശ്വാസികളെ സർവ്വവിധേനയും ഉപദ്രവിക്കുകയും ചെയ്‌തു. സഅദ് ബ്‌നു അബീവഖാസ്(റ) വിനെ അവർ വെട്ടി പരിക്കേൽപ്പിച്ചു.
ഈ സന്ദർഭത്തിൽ പ്രവാചകൻﷺ വിശുദ്ധ ഖുർആനിലെ കഴിഞ്ഞകാല വിശ്വാസികളുടെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് സമാശ്വസിപ്പിക്കുകയും താൽക്കാലികമായ ഒരു ആശ്വാസമെന്ന നിലക്ക് അബ്‌സീനയിലേക്ക് ഹിജ്റ പോകുവാൻ (പലായനം ചെയ്യാൻ) അനുമതി നൽകുകയും ചെയ്തു.
അബ്സീനിയയിലെ അക്കാലത്തെ രാജാവായിരുന്ന നജ്ജാശി മുസ്‌ലിമല്ല എങ്കിൽ പോലും ജനങ്ങളോട് നീതിയോടും ഗുണകാംക്ഷയോടും വർത്തിക്കുന്ന വ്യക്‌തിയായിരുന്നു എന്നത് പ്രസിദ്ധമായിരുന്നു. ഇസ്‌ലാമികേതര രാഷ്ട്രത്തിലും വിശ്വാസികൾക്ക് മുസ്‌ലിമായി ജീവിക്കുന്നതിന് പ്രശ്നമൊന്നുമില്ലാ എന്ന് ഇത് വ്യക്‌തമാക്കിത്തരുന്നു. അതോടൊപ്പം മതത്തെ സംരക്ഷിച്ച് അല്ലാഹുവിനെ മാത്രം ആരാധിച്ച് ഒരിടത്ത് ജീവിക്കുവാൻ പ്രയാസമായി വരുമ്പോൾ, നിർബന്ധ സാഹചര്യത്തിൽ പോലും ശിർക്ക് ചെയ്യാൻ ഇസ്‌ലാം അനുവദിക്കുന്നില്ല എന്ന് കാണാൻ കഴിയും. ഒന്നുകിൽ ഹിജ്റ പോവുക അതല്ലെങ്കിൽ അതിന്റെ മാർഗ്ഗത്തിൽ രക്തസാക്ഷിത്വം വരിക്കുക എന്നത് മാത്രമാണ് ഇസ്‌ലാം തുറന്ന് വെക്കുന്ന മാർഗ്ഗം.
പ്രവാചകത്വത്തിന്റെ അഞ്ചാം വർഷം റജബ് മാസത്തിലായിരുന്നു വിശ്വാസികളുടെ ഒന്നാമത്തെ ഹിജ്റ സംഘം അബീസീനിയയിലേക്ക് നീങ്ങിയത്. ഉഥ്‌മാൻ(റ)വിന്റ നേതൃത്വത്തിൽ പന്ത്രണ്ട് പുരുഷന്മാരും നാല് സ്ത്രീകളുമായിരുന്നു പ്രസ്‌തുത സംഘത്തിലുണ്ടയിരുന്നത്.
തങ്ങളുടെ നാട്ടിൽ അഭയം തേടിയെത്തിയ മുസ്‌ലിംകൾക്ക് നജ്ജാശി രാജാവ് എല്ലാവിധ സംരക്ഷണവും സഹായങ്ങളും ചെയ്തു കൊടുത്തു. രണ്ട് മാസത്തോളം അവിടെ താമസിച്ച വിശ്വാസികൾ പിന്നീട് മക്കയിലേക്ക് തന്നെ മടങ്ങുകയുണ്ടായി.
ഖുറൈശികളുടെ കുതന്ത്രം
ആദ്യ ഹിജ്റ സംഘം അബ്‌സീനിയയിലായിരുന്ന സന്ദർഭത്തിൽ പ്രവാചകൻﷺ ഒരിക്കൽ റമദാൻ മാസം കഅബയുടെ അടുത്ത് ചെന്ന് വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. ഖുറൈശീ പ്രമുഖരും നേതാക്കളുമടക്കം ഒരു വലിയ സംഘം അവിടെ ഹാജറുണ്ടായിരുന്നു; പ്രവാചകൻ ഓതിയിരുന്ന സൂറത്ത് നജ്‌മ് ഖുറൈശികൾ ശ്രദ്ധപൂർവ്വം കേട്ടു നിൽക്കുകയും അതിലെ അവസാന വചനമായ
فَٱسْجُدُوا لِلَّهِ وَٱعْبُدُوا ۩ ٦٢
ഫസ്‌ജുദു ലില്ലാഹി വഅ്ബു ദുഹു (നിങ്ങൾ അല്ലാഹുവിന് സാഷ്ടാംഗം ചെയ്യുകയും അവനെ ആരാധിക്കുകയും ചെയ്യുക) എന്ന് എത്തിയപ്പോൾ പ്രവാചകൻ സുജൂദ് (സാഷ്ടാംഗം) ചെയ്തു. അതോടൊപ്പം അത് ശ്രദ്ധിച്ചുനിന്നിരുന്ന ഖുറൈശീ ശത്രു പ്രമുഖരടക്കം എല്ലാവരും സുജൂദ് ചെയ്തു. ഇത് ജനങ്ങൾക്കിടയിൽ വലിയ സംസാര വിഷയമായി. ഇതാകട്ടെ അബ്‌സീനിയിലുണ്ടായിരുന്ന മുസ്‌ലിംകളുടെ കാതിൽ മക്കാ ഖുറൈശീ പ്രമുഖരെല്ലാം ഇസ്‌ലാം വിശ്വസിച്ചു എന്ന നിലക്കായിരുന്നു എത്തിയിരുന്നത്. അത് സത്യമായിരിക്കും എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആദ്യ ഹിജ്റാ സംഘം മക്കയിലേക്ക് തിരിച്ചുവന്നത്.
മുസ്‌ലിംകൾക്ക് നജ്‌ജാശീ രാജാവ് മാന്യമായ സംരക്ഷണം നൽകി; എന്ന വിവരം അറിഞ്ഞ ഖുറൈശികൾ തങ്ങൾ നടത്തിക്കൊണ്ടിരുന്ന മർദ്ദനമുറകൾ രൂക്ഷമാക്കി; എല്ലാ നിലക്കും വിശ്വാസികളെ കഷ്‌ടപ്പെടുത്താൻ തന്നെ തീരുമാനിച്ചു. അത് മനസ്സിലാക്കിയ പ്രവാചകൻ ﷺ വിശ്വാസികളോട് വീണ്ടും അബ്‌സീനിയയിലേക്ക് പാലായനം ചെയ്യാൻ നിർദ്ദേശിച്ചു. അതനുസരിച്ച് എൺപത്തിരണ്ട് പുരുഷന്മാരും പത്തൊമ്പത് സ്ത്രീകളുമടങ്ങുന്ന ഒരു വലിയ സംഘം രണ്ടാമതും നജ്‌ജാശിയുടെ നാട്ടിലേക്ക് പാലായനം ചെയ്തു.
മുസ്ലിംകൾ വീണ്ടും അബ്‌സീനയിലേക്ക് പുറപ്പെടുന്നതിൽ അരിശംപൂണ്ട ഖുറൈശികൾ തങ്ങളുടെ കൂട്ടത്തിലെ സമർത്ഥരും ശക്‌തരുമായ രണ്ടാളുകളെ തിരഞ്ഞെടുത്ത് ഒരു പാട് വിലപിടിപ്പുള്ള പാരിതോഷികങ്ങളുമായി മുസ്‌ലിംകൾക്ക് സംരക്ഷണം കൊടുക്കരുതെന്ന ആവശ്യവുമായി നജ്‌ജാശിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. അംറുബ്‌നുൽ ആസ്വും, അബ്‌ദുല്ലാഹിബ്‌നു അബീറബീഅയുമായിരുന്നു പ്രസ്‌തുത രണ്ട് വ്യക്തികൾ.
മേൽപറയപ്പെട്ട രണ്ടാളുകളും നജ്‌ജാശിയുടെ അടുക്കൽ ചെന്ന് ഇങ്ങനെ പറഞ്ഞു:
“അല്ലയോ രാജാവേ, ഞങ്ങളുടെ നാട്ടിൽനിന്നും ഒരുകൂട്ടം വിഡ്ഢികളായ ആളുകൾ ഇതാ താങ്കളുടെ നാട്ടിലേക്ക് കുടിയേറി വന്നിരിക്കുന്നു; അവർ അവരുടെ ജനതയുടെ മതം ഉപേക്ഷിച്ചുകൊണ്ടാണ് വന്നിരിക്കുന്നത് എന്നാൽ താങ്കളുടെ മതത്തിലേക്ക് പ്രവേശിച്ചിട്ടുമില്ല. അവർ താങ്കൾക്കോ ഞങ്ങൾക്കോ പരിചയമില്ലാത്ത ഒരു പുതിയ മതവുമായാണ് വന്നിരിക്കുന്നത്. അതുകൊണ്ട് അവർക്ക് സംരക്ഷണം കൊടുക്കാതെ അവരെ ഞങ്ങളുടെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കണം എന്ന് പറയാൻ ഞങ്ങളിലെ പ്രമുഖരും മാന്യന്മാരുമാണ് ഞങ്ങളെ താങ്കളുടെ അടുത്തേക്ക് പറഞ്ഞയച്ചിട്ടുള്ളത്.”
ഇത് കേട്ടപ്പോൾ നേരത്തെ പാരിതോഷികങ്ങളിൽ നിന്നും ഒരു വിഹിതം നൽകി ഒരുക്കി നിറുത്തിയിരുന്ന പുരോഹിതന്മാർ അത് ശരിവെച്ചുകൊണ്ട് അവരെ തിരിച്ചയക്കുകയാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു. സമ്പത്തും പാരിതോഷികങ്ങളും കിട്ടുമെന്ന് കണ്ടാൽ ഏത് നെറികേടുകൾക്കും കൂട്ടുനിൽക്കുന്നവർ എക്കാലത്തുമുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം ! എന്നാൽ മാന്യനും ബുദ്ധിമാനുമായിരുന്ന രാജാവ് രണ്ട് ഭാഗത്ത് നിന്നുമുള്ള സംസാരം കേൾക്കാതെ ഒന്നും പ്രവർത്തിക്കുകയില്ലെന്ന് അറിയിച്ചു. മുസ്‌ലിംകളോട് തന്റെ മുന്നിൽ ഹാജറാകുവാൻ ആവശ്യപ്പെടുകയും സത്യാവസ്‌ഥ അന്വേഷിക്കുകയും ചെയ്തു.
രാജാവ് ചോദിച്ചു : “നിങ്ങൾ നിങ്ങളുടെ പൂർവ്വീകരുടെ മതം ഉപേക്ഷിച്ച് ഒരു പുതിയ മതം ഉൾക്കൊണ്ടിരിക്കുന്നു എന്ന് കേൾക്കുന്നുവല്ലൊ എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ?”
അന്നേരം മുസ്‌ലിംകളുടെ ഭാഗത്ത് നിന്ന് ജഅ്‌ഫറു ബ്നു അബീത്വാലിബ് താഴെ പറയുന്ന വിധം പ്രസംഗിച്ചു: ” അല്ലയോ മഹാരാജാവേ, ഞങ്ങൾ അജ്‌ഞാന കാലത്ത് വിഗ്രഹാരാധകരും, ശവം ഭക്ഷിക്കുന്നവരും, അധർമ്മങ്ങൾ പ്രവർത്തിക്കുന്നവരും, അന്യോന്യം അക്രമിക്കുന്നവരും, കുടുംബം വിച്‌ഛേദിക്കുന്നവരും, അയൽപക്കത്തെ മാനിക്കാത്തവരുമായിട്ടാണ് കഴിഞ്ഞിരുന്നത്. അങ്ങനെ ഞങ്ങളിൽ ഉയർന്ന ഗോത്രക്കാരനും സത്യസന്ധനും വിശ്വസ്തനുമായ ഞങ്ങൾക്ക് നേരിട്ട് അറിയുന്ന ഒരു വ്യക്തിയെ അല്ലാഹു ഞങ്ങളിലേക്ക് പ്രവാചകനായി നിയോഗിച്ചു.
“അദ്ദേഹം ഞങ്ങളെ തൗഹീദിലേക്ക് (അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്ക്) ക്ഷണിക്കുകയും ഞങ്ങളും ഞങ്ങളുടെ പൂർവ്വീകരും ആരാധിച്ചുവന്ന വിഗ്രഹങ്ങളെയെല്ലാം കയ്യൊഴിക്കണമെന്ന് ആവശ്യപ്പെടുകയും, സത്യസന്ധതയോടും വിശ്വസ്‌തതയോടെയും വർത്തിക്കുവാനും, കുടുംബ ബന്‌ധം ചേർത്തുവാനും അയൽപക്കത്തെ മാനിക്കുവാനും ഞങ്ങളോട് കൽപിച്ചു. പരസ്‌പരമുള്ള കലഹങ്ങളും രക്‌തച്ചൊരിച്ചിലും മ്ലേച്ചകാര്യങ്ങളുമെല്ലാം അദ്ദേഹം ഞങ്ങളോട് വിലക്കി. നമസ്കാരവും സകാത്തും നോമ്പുമെല്ലാം അനുഷ്‌ഠിക്കാനായി ഞങ്ങളോട് ആവശ്യപ്പെട്ടു. ഞങ്ങളത് അംഗീകരിക്കുകയും അദ്ദേഹത്തിൽ വിശ്വസിക്കുകയും ചെയ്‌തു.”
അന്നേരം അദ്ദേഹം നിങ്ങൾക്ക് ഓതിത്തന്ന എന്തെങ്കിലും നിങ്ങളുടെ പക്കലുണ്ടോ എന്ന് രാജാവ് അവരോട് ചോദിച്ചു. തദവസരം ജഅ്ഫർ(റ), സൂറത്ത് മറിയമിലെ ആദ്യഭാഗം അദ്ദേഹത്തിന് ഓതിക്കേൾപ്പിച്ചു; അത് കേട്ട് അദ്ദേഹം തന്റെ താടിരോമങ്ങൾ പോലും നനയുമാറ് കരഞ്ഞു പോവുകയും തീർച്ചയായും ഞാനീ കേട്ട വചനങ്ങൾ ഈസ ബിൻ മറിയമിന് അവതരിച്ചിരുന്ന അതേ കേന്ദ്രത്തിൽ നിന്നാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു എന്ന് അവരോട് പറയുകയും ചെയ്‌തു.
ശേഷം അംറുബ്‌നുൽ ആസ്വിനോടും അബ്‌ദുല്ലാഹി ബ്‌നു അബീറബീഅയോടുമായി പറഞ്ഞു: നിങ്ങൾ ഇറങ്ങിപ്പോവുക ഞാനൊരിക്കലും ഇവരെ നിങ്ങൾക്ക് വിട്ടുതരുന്നതല്ല. പിന്നീട് അടുത്ത ദിവസം ഇവർ ഈസ ബ്‌നു മറിയമിനെ സംബന്‌ധിച്ച് മോശമായി പറയുന്നവരാണ് എന്ന് പറഞ്ഞുനോക്കി.
അന്നേരം രാജാവ് ആവശ്യപ്പെട്ടത് അനുസരിച്ച് ജഅ്‌ഫർ(റ), അദ്ദേഹം അല്ലാഹുവിന്റെ ദാസനും റസൂലും ആത്മാവും കന്യകയായ മറിയമിലേക്ക് അല്ലാഹു ഇട്ടുകൊടുത്ത വചനവുമാണ് എന്ന് പറഞ്ഞു. ഇത് കേട്ട രാജാവ് പറഞ്ഞത് ഇതുതന്നെയാണ് ഈസ ബ്‌നു മറിയമിനെ സംബന്ധിച്ച വാസ്തവമായിട്ടുള്ള കാര്യങ്ങൾ എന്നായിരുന്നു. തുടർന്ന് മുസ്‌ലിംകളോട് നിങ്ങൾ എന്റെ ദേശത്ത് എല്ലാ വിധ നിർഭയത്വത്തോടു കൂടി കഴിഞ്ഞുകൊള്ളുക എന്നും ഖുറൈശികളോട് അവർ കൊണ്ടുവന്ന പാരിതോഷികങ്ങളുമായി സ്‌ഥലം വിട്ടുകൊള്ളാനും ആവശ്യപ്പെട്ടു. അങ്ങിനെ ആ കുതന്ത്രവും വിഫലമായി.