April 30, 2025

പരീക്ഷണങ്ങൾ: വിശ്വാസിയുടെ നിലപാട്

ജീവിത കാലത്ത് സംഭവിക്കുന്ന വ്യത്യസ്ത പരീക്ഷണങ്ങളിൽ യദാർത്ഥ സത്യവിശ്വാസിയുടെ നിലപാട് എങ്ങനെ ആയിരിക്കണം എന്ന് വ്യക്തമാക്കുന്നതാണ് വിശുദ്ധ ക്വുർആൻ സൂറത്തുൽ ബക്വറയിലെ 155, 156, 157 ആയത്തുകൾ. പ്രസ്തുത വചനങ്ങൾക്ക് അമാനി മൗലവി നൽകിയ വിശദീകരണമാണ് ചുവടെ.

وَلَنَبۡلُوَنَّكُم بِشَىۡءٍ مِّنَ ٱلۡخَوۡفِ وَٱلۡجُوعِ وَنَقۡصٍ مِّنَ ٱلۡأَمۡوَٰلِ وَٱلۡأَنفُسِ وَٱلثَّمَرَٰتِۗ وَبَشِّرِ ٱلصَّٰبِرِينَ ١٥٥ ٱلَّذِينَ إِذَآ أَصَٰبَتۡهُم مُّصِيبَةٌ قَالُوٓاْ إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٰجِعُونَ ١٥٦ أُوْلَٰٓئِكَ عَلَيۡهِمۡ صَلَوَٰتٌ مِّن رَّبِّهِمۡ وَرَحۡمَةٌۖ وَأُوْلَٰٓئِكَ هُمُ ٱلۡمُهۡتَدُونَ ١٥٧

ഭയം, വിശപ്പ്, സ്വത്തുക്കളിലും ദേഹങ്ങളിലും ഫലങ്ങളിലും കുറവ് എന്നിവയില്‍ പെട്ടവല്ലതും കൊണ്ട് നിശ്ചയമായും നാം നിങ്ങളെ പരീക്ഷണം ചെയ്യുന്നതാണ്. ക്ഷമിക്കുന്നവര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക. (155) അതായത് യാതൊരു കൂട്ടര്‍ക്ക്, അവര്‍ക്ക് വല്ല ബാധയും [ആപത്തും] ബാധിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിനുള്ളവരാണ്; ഞങ്ങള്‍ അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാകുന്നു. (156) അക്കൂട്ടര്‍ – അവരില്‍ അവരുടെ റബ്ബിങ്കല്‍ നിന്നുള്ള അനുഗ്രഹാശിസ്സുകളും, കാരുണ്യവും ഉണ്ടായിരിക്കും. അക്കൂട്ടര്‍തന്നെയാണ്, സന്‍മാര്‍ഗ്ഗം പ്രാപിച്ചവരും. (157)

അല്ലാഹുവിങ്കല്‍ നിന്നുളള പരീക്ഷണം രണ്ടുവിധത്തിലുണ്ട്. തിന്‍മ മുഖേനയും നന്‍മ മുഖേനയും.

 وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً 

തിന്മകൊണ്ടും നന്മകൊണ്ടും നിങ്ങളെ നാം ഒരു പരീക്ഷണം പരീക്ഷിക്കുന്നതാണ്. (21:35)
തിന്മയില്‍ ക്ഷമയും സഹനവും, നന്മയില്‍ നന്ദിയും കൂറും പുലര്‍ത്തുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. അങ്ങിനെ ചെയ്യുന്ന പക്ഷം 153-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ ഉദ്ധരിച്ച നബി ﷺ വചനത്തില്‍ കണ്ടതുപോലെ – രണ്ടു തരം പരീക്ഷണവും അവര്‍ക്കു ഗുണകരമായിതന്നെ കലാശിക്കും. ഇല്ലെങ്കിലോ? രണ്ടും ദോഷമല്ലാതെ വരുത്തുകയുമില്ല. കഴിഞ്ഞ വചനങ്ങളില്‍ ക്ഷമയെക്കുറിച്ച് പലതും പ്രസ്താവിച്ചു. അതിനെത്തുടര്‍ന്ന് മനുഷ്യനില്‍ ഇടക്കിടെ അനുഭവപ്പെട്ടേക്കാവുന്ന വിപത്തുകള്‍ മുഖേനയുണ്ടാകുന്ന പരീക്ഷണങ്ങളെക്കുറിച്ചും, അവയില്‍ ക്ഷമ കൈക്കൊള്ളേണ്ടതിനെക്കുറിച്ചും ഈ വചനങ്ങളില്‍ അല്ലാഹു പ്രസ്താവിക്കുകയാണ്.

അഞ്ചുവിധം പരീക്ഷണങ്ങളെയാണ് അല്ലാഹു എടുത്തു പറഞ്ഞത്:

(1) ഭയം: യുദ്ധം, കലഹം, ശത്രുക്കള്‍ തുടങ്ങിയ എല്ലാ കാരണത്താലും ഏര്‍പ്പെടുന്ന ഭയം ഇതില്‍ ഉള്‍പ്പെടുന്നു.

(2) വിശപ്പ്: ക്ഷാമംകൊണ്ടോ ദാരിദ്ര്യാധിക്യംകൊണ്ടോ, മറ്റു കാരണം കൊണ്ടോ ഉണ്ടാകുന്ന പട്ടിണിയെന്നര്‍ത്ഥം

(3) ധനനഷ്ടം : ഉള്ള ധനത്തിന് നാശനഷ്ടം പിണഞ്ഞും, വരവ് കുറഞ്ഞും ഉണ്ടാകുന്ന എല്ലാതരം നഷ്ടങ്ങളും

(4) ആള്‍ നഷ്ടം : രോഗം പകര്‍ച്ച വ്യാധികള്‍, അപകടങ്ങള്‍, യുദ്ധങ്ങള്‍, അത്യാഹിതങ്ങള്‍ എന്നിങ്ങിനെയുള്ള ഏതെങ്കിലും കാരണത്താല്‍ സ്വന്തം കുടുംബങ്ങളിലും ബന്ധുമിത്രങ്ങളിലും ഉണ്ടാകുന്ന എല്ലാ ജീവനാശങ്ങളും

(5) ഫലങ്ങളുടെ കുറവ്: കൃഷിയുല്‍പന്നങ്ങള്‍, കായ്കനികള്‍ മുതലായവയില്‍ ഏര്‍പ്പെടുന്ന ഉല്‍പാദനക്കുറവ്.

ഇവയെല്ലാം പലപ്പോഴും ഉണ്ടാകാറുള്ള വിപത്തുകളാണല്ലോ. ബാഹ്യമായ കാര്യകാരണബന്ധങ്ങളെ മുന്‍നിറുത്തി ഇവക്കെല്ലാം ചില കാരണങ്ങള്‍ മനുഷ്യന് പലപ്പോഴും പറയുവാനുണ്ടായിരിക്കും. എങ്കിലും അവയൊക്കെ വാസ്തവത്തില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ചില പരീക്ഷണങ്ങളാകുന്നു. അവയില്‍ ക്ഷമ കൈക്കൊള്ളുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് മഹത്തായ അനുഗ്രഹങ്ങളും നന്‍മകളും ലഭിക്കുന്നതാണെന്നും അവരാണ് സന്‍മാര്‍ഗം പ്രാപിച്ച ഭാഗ്യവാന്‍മാരെന്നും അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നു. നേരെ മറിച്ച് അക്ഷമയും വേവലാതിയുമായി കഴിയുന്നവരെ സംബന്ധിച്ചിടത്തോളം, ഇഹത്തില്‍ ആപത്തുകളുടെ ഗൗരവം വര്‍ദ്ധിക്കലും, പരത്തില്‍ അല്ലാഹുവിന്‍റെ അപ്രീതി സമ്പാദിക്കലും മാത്രമായിരിക്കും അനുഭവം.

മേല്‍പറഞ്ഞ അഞ്ച് കാര്യങ്ങളെക്കൊളും പരീക്ഷണം നടത്തും എന്ന് പറയാതെ അവയില്‍ അല്‍പം വല്ലതും കൊണ്ട് പരീക്ഷണം നടത്തും ( وَلَنَبْلُوَنَّكُم بِشَيْءٍ ) എന്നത്രെ അല്ലാഹു പറഞ്ഞ വാക്ക്. ഇവയില്‍പെട്ട ഏതെങ്കിലും ചിലതൊക്കെ ചിലപ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെട്ടെന്ന് വരും. അപ്പോള്‍ അതിന്‍റെ പേരില്‍ ക്ഷമകേടും നിരാശയും ബാധിക്കരുത്. നേരെമറിച്ച് ക്ഷമ അവലംബിച്ചുകൊണ്ട് അവ നിങ്ങള്‍ക്ക് ഗുണകരമായി കലാശിക്കുവാന്‍ ശ്രമിക്കേണ്ടതാണ്. അതിനെക്കാള്‍ വമ്പിച്ച ആപത്തുകള്‍ സംഭവിക്കാത്തത് അല്ലാഹുവിങ്കല്‍ നിന്നുള്ള ഔദാര്യമായി കരുതണം എന്നൊക്കെയുള്ള സൂചനകള്‍ ആ വാക്കില്‍ അടങ്ങിയിരിക്കുന്നതായി കാണാം. ഒരു ആപത്ത് നേരിടുമ്പോള്‍, അതുപോലെ സംഭവിക്കാന്‍ സാധ്യതയുള്ള കൂടുതല്‍ വലുതായ ആപത്തുകളെപ്പറ്റി വിഭാവനം ചെയ്യുന്നത് സംഭവിച്ച ആപത്തിന്‍റെ ഗൗരവം ലഘൂകരിക്കുവാന്‍ ഉതകുന്നതായിരിക്കും. ക്ഷമാലുക്കളുടെ ഒരു നിര്‍വ്വചനമെന്നോണം അവരെ അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. അവര്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍

إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ
ഞങ്ങള്‍ അല്ലാഹുവിന്നുള്ളവരാണ്, ഞങ്ങള്‍ അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാണ്

എന്ന് അവര്‍ പറയും.

വല്ല ആപത്തുകളും നേരിടുമ്പോള്‍ ഈ വാക്ക് പറയുന്നത് നല്ലതാണെന്ന് ഈ വചനത്തില്‍ നിന്നും പല ഹദീഥുകളില്‍ നിന്നും മനസ്സിലാക്കാം. എന്നാല്‍, നാവ് കൊണ്ട് ഉരുവിട്ടതുകൊണ്ട് മാത്രം പ്രയോജനമില്ല. അതിലടങ്ങിയ ആശയം മനസ്സിലാക്കിക്കൊണ്ടും, ഓര്‍മിച്ചുകൊണ്ടും ആയിരിക്കണം അത്. തങ്ങള്‍ അല്ലാഹുവിന്‍റെ സൃഷ്ടികളാണ് അവന്‍റെ അടിമകളാണ് , തങ്ങളുടെ കൈകാര്യങ്ങളും നിയന്ത്രണങ്ങളുമെല്ലാം അവന്‍റെ കയ്യിലാണ് അവന്ന് തങ്ങളില്‍ എന്തും നടപ്പിലാക്കുവാന്‍ അധികാരവകാശമുണ്ട്, അതിന് വഴങ്ങുന്നത് തങ്ങളുടെ കടമയാണ്, ഞങ്ങള്‍ മരണാനന്തരം അവനിലേക്ക് മടങ്ങിച്ചെല്ലേണ്ടവരുമാണ്. ഇവിടെ വെച്ച് ഞങ്ങള്‍ ചെയ്യുന്ന എല്ലാറ്റിനും അവന്‍റെ മുമ്പില്‍ ഞങ്ങള്‍ ഉത്തരം പറയേണ്ടിവരും, യാതൊരു നന്‍മയും അവന്‍റെയടുക്കല്‍ ഞങ്ങള്‍ക്ക് പാഴായിപ്പോകുകയില്ല, ഒരു തിന്‍മയും അവന്‍റെ ശ്രദ്ധയില്‍പെടാതെ ഒഴിവാകുകയുമില്ല എന്നൊക്കെയാണ് ആ വാക്യത്തിലടങ്ങിയ ആശയം. ആപത്തുകള്‍ നേരിടുമ്പോള്‍, ഈ ബോധത്തോടുകൂടി ആ വാക്ക് പറഞ്ഞു സ്വയം സമാധാനിക്കുന്ന ക്ഷമാലുക്കള്‍ക്ക് അവരുടെ രക്ഷിതാവിങ്കില്‍ നിന്നുള്ള അനുഗ്രഹാശിസ്സുകളും കാരുണ്യവും ഉണ്ടായിരിക്കുമെന്ന സന്തോഷവാര്‍ത്ത അറിയിക്കുക മാത്രമല്ല അല്ലാഹു ചെയ്യുന്നത്. അവര്‍ തന്നെയാണ് സന്‍മാര്‍ഗികള്‍ എന്നൊരു സാക്ഷിപത്രംകൂടി അവര്‍ക്ക് നല്‍കിയിരിക്കുയാണ്. ഇതില്‍ നിന്ന് തന്നെ, ഈ വാക്യം വളരെ മഹത്തായ ഒരു ആശയമാണ് ഉള്‍ക്കൊളളുന്നതെന്ന് ഊഹിക്കാമല്ലോ. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു:

إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ

ക്ഷമാലുക്കള്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ ഒരു കണക്കും കൂടാതെത്തന്നെയായിരിക്കും നിറവേറ്റപ്പെടുക (സുമര്‍ 10)

ആപത്തുകള്‍ ചെറുതായാലും വലുതായാലും ശരി, അത് സംഭവിക്കുമ്പോള്‍ ഇപ്രകാരം ( إِنَّا للهِ -الخ ) പറയേണ്ടതാണെന്ന് ഹദീഥുകളില്‍ നിന്ന് വ്യക്തമാകുന്നു. ആയത്തില്‍ നിന്ന് തന്നെയും മനസ്സിലാക്കാവുന്നതാണത്. ഈ വാക്ക് പറയുന്നതിന് ഇസ്തിര്‍ജാഉ് ( اِسْتِرْجَاع : മടക്കം കാണിക്കല്‍) എന്ന് പറയപ്പെടുന്നു. വല്ല ആപത്തും സംഭവിച്ച ശേഷം, കുറേകാലം കഴിഞ്ഞിട്ട് പിന്നെയും അത് ഓര്‍മവരുമ്പോള്‍ ഇസ്തിര്‍ജാഉ് പുതുക്കുന്ന പക്ഷം അല്ലാഹു അതിന് പ്രതിഫലം നല്‍കാതിരിക്കുകയില്ല, എന്ന് അഹ്മദും, ഇബ്‌നുമാജഃ (رحمهم الله)യും നിവേദനം ചെയ്ത ഒരു ഹദീഥില്‍ വന്നിട്ടുണ്ട്.

നബി ﷺ യുടെ പത്‌നി ഉമ്മുസലമഃ (رضي الله عنها) പറഞ്ഞതായി മുസ്‌ലിം (رحمه الله) ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: വല്ല അടിയാന്നും ഒരു ആപത്ത് ബാധിക്കുമ്പോള്‍ അവന്‍

إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ، اللَّهُمَّ أَجِرْنِي فِي مُصِيبَتِي وَأَخْلِفْ لِي خَيْرًا مِنْهَا

(ഞങ്ങള്‍ അല്ലാഹുവിന്‍റെതാണ്, ഞങ്ങള്‍ അവനിലേക്ക് തന്നെ മടങ്ങുന്നവരുമാണ്. അല്ലാഹുവേ, എന്‍റെ ഈ ആപത്തില്‍ നീ എനിക്ക് പ്രതിഫലം നല്‍കേണമേ! എനിക്ക് അതിനേക്കാള്‍ ഉത്തമമായതിനെ നീ പകരം നല്‍കുകയും ചെയ്യേണമേ !) എന്ന് പറയുന്നപക്ഷം, അവന്‍റെ ആപത്തില്‍ അല്ലാഹു അവന് പ്രതിഫലം കൊടുക്കുകയും, അതിനെക്കാള്‍ ഉത്തമമായതിനെ അവന് പിന്നീട് നല്‍കുകയും ചെയ്യാതിരിക്കയില്ല. എന്നിങ്ങിനെ റസൂല്‍ ﷺ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങിനെ, എന്‍റെ ഭര്‍ത്താവ് അബൂ സലമഃ മരണപ്പെട്ടപ്പോള്‍, റസൂല്‍ കല്‍പിച്ച പ്രകാരം ഞാന്‍ പറഞ്ഞു. എനിക്ക് അദ്ദേഹത്തേക്കാള്‍ ഉത്തമനായ ആളെ അല്ലാഹു പകരം തരുകയും ചെയ്തു. അതെ, അല്ലാഹുവിന്‍റെ റസൂലിനെ.

Leave a Reply

Your email address will not be published. Required fields are marked *